കോട്ടയത്തെ പ്രശസ്തമായ “ഊട്ടി ലോഡ്ജ് “ഉടമ വികെ സുകുമാരൻ(ചെല്ലപ്പൻ ചേട്ടൻ) (98)അന്തരിച്ചു
കോട്ടയം:സംസ്ഥാന രാഷ്ട്രീയത്തിൻ്റെ ഗതിവിഗതികൾ നിർണയിച്ച പല തീരുമാനങ്ങൾക്കും സാക്ഷ്യം വഹിച്ച കോട്ടയം ഊട്ടി ലോഡ്ജ് ഉടമ ചെല്ലപ്പൻ ചേട്ടൻ ഇനി ഓർമ്മ. ഒരു കാലത്ത് കോട്ടയം നഗരത്തിന്റെ തിലകക്കുറിയായിരുന്ന തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ഊട്ടി ലോഡ്ജിന്റെ ഉടമ ടി.ബി റോഡിൽ ഊട്ടിയിൽ വി. കെ. സുകുമാരൻ (ചെല്ലപ്പൻ ചേട്ടൻ) ഇന്ന് വൈകുന്നേരമാണ് മരണത്തിന് കീഴടങ്ങിയത്. 98 വയസ്സായിരുന്നു.
ഊട്ടി ലോഡ്ജ്, ഹോട്ടൽ ബസന്ത് എന്നിവയുടെ സ്ഥാപകനായിരുന്നു.ഒരു കാലത്ത് കോട്ടയത്തെ രാഷ്ട്രീയ പ്രമുഖരെല്ലാം ഒത്തുകൂടുന്നയിടമായിരുന്നു ഊട്ടി ലോഡ്ജ്. കോട്ടയത്തെ സിനിമാ നിർമ്മാണ കമ്പനികൾ മലയാള ചലചിത്ര മേഖല നിയന്ത്രിച്ചിരുന്ന കാലത്ത് നിരവധി ചലചിത്ര നടന്മാരും, കലാകാരമാരും അന്തിയുറങ്ങിയിരുന്നതും ഊട്ടി ലോഡ്ജിലായിരുന്നു
ബലക്ഷയത്തിൻ്റെ പേരിൽ ബസ് സ്റ്റാൻ്റ് കെട്ടിടമാകെ ഇയ്യിടെ പൊളിച്ചു നീക്കിയപ്പോൾ ഊട്ടി ലോഡ്ജും ഒരു പിടി ഓർമ്മകൾ സമ്മാനിച്ച് ചരിത്രമായി മാറി, ഇപ്പോളിതാ ചെല്ലപ്പൻ ചേട്ടനും. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 12ന് നടക്കും.പരേതയായ ചെല്ലമ്മയാണ് ഭാര്യ.