ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം : രാഹുൽ ഗാന്ധി നാളെ പുതുപ്പള്ളിയിൽ

0
rahul

‘സ്മൃതി തരംഗം’  ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം – 11 വീടുകളുടെ താക്കോൽദാനം – മീനടം സ്പോർട്സ് ടർഫിൻ്റെ നിർമാണ ഉദ്ഘാടനം നാളെ…

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കെപിസിസി നാളെ നടത്തുന്ന അനുസ്മരണ പരിപാടിയിൽ മുതിർന്ന കോൺഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പങ്കെടുക്കും. രാഹുൽ ഗാന്ധി നാളെ വൈകിട്ട് കോട്ടയത്തെത്തും. കുമരകത്താണ് അദ്ദേഹത്തിന് താമസം ഒരുക്കിയിരിക്കുന്നത്.
പുതുപ്പള്ളി പള്ളി മൈതാനത്ത് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന പന്തലിൽ രാവിലെ 9 മണിക്ക് പുഷ്പാർച്ചനയോടെയാണ് അനുസ്മരണ യോഗം തുടങ്ങുക. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും. റോഡ് മാർഗം പുതുപ്പള്ളിയിലെത്തുന്ന രാഹുൽ ഗാന്ധി, പള്ളിമുറ്റത്തെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് അനുസ്മരണ യോഗത്തിൽ പങ്കെടുക്കുക. രാവിലെ 10 മണിയോടെ രാഹുൽ ഗാന്ധി ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തുകയും പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സന്ദർശിക്കുകയും ചെയ്യും. അതിനുശേഷം സമ്മേളന വേദിയിലെത്തും.

അനുസ്മരണ യോഗത്തിൽ യുഡിഎഫ് നേതാക്കന്മാർ, വിവിധ മതമേലധ്യക്ഷന്മാർ, സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ പങ്കെടുക്കുമെന്ന് എംഎൽഎമാരായ ചാണ്ടി ഉമ്മനും പിസി വിഷ്ണുനാഥും മാധ്യമങ്ങളോട് പറഞ്ഞു. പതിനായിരം പേർക്ക് ഇരിക്കാവുന്ന പന്തലാണ് ചടങ്ങുകൾക്കായി പള്ളി മൈതാനത്ത് ഒരുക്കിയിരിക്കുന്നത്.

ഉമ്മൻചാണ്ടിയുടെ സ്മരണയ്ക്കായി കെപിസിസി ആരംഭിക്കുന്ന ‘സ്മൃതി തരംഗം’ എന്ന ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് 630 കുട്ടികൾക്ക് കേൾവിശക്തി നൽകിയ ‘ശ്രുതിതരംഗം’ പദ്ധതിയുടെ രണ്ടാംഘട്ടമെന്ന നിലയിലാണ് കെപിസിസി ഇത് നടപ്പാക്കുന്നതെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെസി ജോസഫ്, എംഎൽഎമാരായ പിസി വിഷ്ണുനാഥ്, ചാണ്ടി ഉമ്മൻ, ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്, നിർവാഹക സമിതി അംഗം ജോഷി ഫിലിപ് എന്നിവർ അറിയിച്ചു.കൂടാതെ, ഉമ്മൻചാണ്ടി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ 11 വീടുകളുടെ താക്കോൽദാനവും നടക്കും. ലഹരിക്കെതിരെ നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി നിർമിക്കുന്ന രണ്ടാമത്തെ ഉമ്മൻചാണ്ടി സ്പോർട്സ് അരീനയുടെ ഭാഗമായ മീനടം സ്പോർട്സ് ടർഫിൻ്റെ നിർമാണ ഉദ്ഘാടനവും രാഹുൽ ഗാന്ധി നിർവഹിക്കും.ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്ന വാഹനങ്ങൾക്കായി പുതുപ്പള്ളിയിലെ വിവിധ മൈതാനങ്ങളിൽ പാർക്കിങ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *