വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്‌റ്റിൽ
കൊച്ചി:കൊച്ചി ഓൺലൈൻ ട്രേഡിങ്ങിൽ വൻ ലാഭം വാഗ്ദാനം ചെയ്‌ത് വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്‌റ്റിൽ. പെരുമ്പാവൂർ വെങ്ങോല തണ്ടേക്കാട് ഭാഗത്ത് താമസിക്കുന്ന ഒന്നാം മൈൽ കരുമക്കാട്ട് വീട്ടിൽ ആഷികി (27) നെയാണ് കാലടി പൊലീസ് അറസ്‌റ്റ് ചെയ്‌തത്.കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെ വിവിധ ദിവസങ്ങളിലായി കാലടി നീലീശ്വരം സ്വദേശിയായ വീട്ടമ്മയിൽ നിന്ന് 43,87,000 രൂപയാണ് ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തട്ടിപ്പ് സംഘം കൈക്കലാക്കിയത്.
വാട്‌സാപ്പ് വഴിയാണ് തട്ടിപ്പ് സംഘം വീട്ടമ്മയെ പരിചയപ്പെട്ടത്. ട്രേഡിങ്ങിലൂടെ വലിയ ലാഭം നേടാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.നാഷണൽ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽനിന്ന് അയച്ചു കിട്ടിയ അക്നോളഡ്‌ജ് ട്രാൻസാക്ഷൻ ഡീറ്റയിൽസ് പരിശോധിച്ചും, പരാതിക്കാരിയുടെ അക്കൗണ്ടിൽ നിന്നു രണ്ടാം ലെയറായി പണം കൈമാറ്റം ചെയ്‌ത വിശദാംശങ്ങൾ പരിശോധിച്ചുമാണ് പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ അനിൽ കുമാർ ടി.മേപ്പിള്ളി, എസ്.ഐ സുധീർ, എ.എസ്.ഐ സെബാസ്റ്റ്യൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
