ഓൺലൈൻ ഓഹരി വ്യാപാര തട്ടിപ്പ് / 75 കാരന് നഷ്ടപ്പെട്ടത് 11 കോടി

0

 

മുംബൈ: വ്യാവസായിക നഗരമായ മുംബൈ പല തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളുടെ കേന്ദ്രമായി മാറുന്നു. അടുത്തകാലത്ത് ഈ രീതിയിൽ ലക്ഷങ്ങൾ നിക്ഷേപിച്ച്‌ സമ്പാദ്യം നഷ്ട്ടപ്പെട്ട നിരവധി പരാതികളാണ് മുംബൈ പൊലീസിലെ സൈബർ വിഭാഗത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇത്തരം കേസുകൾ വര്ധിച്ചുവന്ന സാഹചര്യത്തിലാണ് മാപ്പേ (നവിമുംബൈ ) മില്ലിനിയം ബിസ്സിനസ്സ് പാർക്കിൽ 837 കോടിരൂപ ചെലവഴിച്ചു കൊണ്ട് അത്യാന്താധുനിക സംവിധാനങ്ങളോടെ അഞ്ചുനിലയുള്ള ഒരു ഹൈടെക് ആസ്ഥാനം മഹാരാഷ്ട്ര സർക്കാർ പണികഴിപ്പിച്ചത് . പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും കേസുകൾക്ക് കുറവില്ല എന്നാണ് സൈബർ വിഭാഗം പറയുന്നത്.

കഴിഞ്ഞ ദിവസം മുംബൈ കൊളാബ നിവാസിക്ക് ഓൺലൈൻ ഓഹരി വ്യാപാര തട്ടിപ്പിൽ നഷ്ടപ്പെട്ടത് 11 കോടി രൂപയാണ്. മൂന്ന് മാസത്തിനിടെ നടന്ന ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിലാണ് 75 കാരനായ ദക്ഷിണ മുംബൈ നിവാസിക്ക് പണം നഷ്ടപ്പെട്ടത്.. ഷിപ്പിംഗ് വ്യവസായിയായ ഇദ്ദേഹം ഒരു പ്രശസ്ത ബ്രോക്കറേജ് സ്ഥാപനം മുഖേന നടക്കുന്ന ഷെയർ ട്രേഡിംഗാണെന്ന് അവകാശപ്പെട്ട ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ നിക്ഷേപം നടത്തിയാണ് കബളിക്കപ്പെട്ടത് . പോലീസിൽ നൽകിയ പരാതി പ്രകാരം, ഓഗസ്റ്റ് 19 ന് ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അദ്ദേഹം ചേർക്കപ്പെട്ടു.ഗ്രൂപ്പിൽ ആളുകൾ ഒരു പ്രശസ്ത ബ്രോക്കറേജ് സ്ഥാപനം വഴി ഷെയറുകളിൽ നിക്ഷേപിച്ച് വലിയ വരുമാനം നേടിയതിനെക്കുറിച്ച് സന്ദേശങ്ങൾ വന്നുകൊണ്ടിരിക്കുന്നത് അദ്ദേഹം ശ്രദ്ധിക്കാൻ തുടങ്ങി . കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഗ്രൂപ്പിൻ്റെ ഒരു അഡ്‌മിനിൽ നിന്നും ‘ഷെയർ ട്രേഡിംഗിൽ നിക്ഷേപിക്കാൻ തയ്യാറാണോ “എന്ന് ചോദിച്ച്‌ അദ്ദേഹത്തിന് ഒരു സന്ദേശം ലഭിച്ചു. . ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത സന്ദേശങ്ങളുടെ സ്വാധീനത്താൽ അദ്ദേഹം സമ്മതിച്ചു.ആവശ്യപ്പെട്ടതുപ്രകാരം തൻ്റെ രേഖകൾ നൽകി, അദ്ദേഹം ഒരു പ്രശസ്ത ബ്രോക്കറേജ് സ്ഥാപനത്തിൻ്റെ പേരുള്ള ഒരു ആപ്പിൽ ഒരു ട്രേഡിംഗ് അക്കൗണ്ട് ആരംഭിച്ചു. പ്രത്യേകം തയ്യാറാക്കിയ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സ്‌ക്രീൻ ഷോട്ട് വഴിയാണ് അക്കൗണ്ടിൻ്റെ വിശദാംശങ്ങൾ അഡ്മിൻ പങ്കുവെച്ചത്. പിന്നീട് പുതുതായി ആരംഭിച്ച ഇനീഷ്യൽ പബ്ലിക് ഓഫറിംഗിൽ (ഐപിഒ) നിക്ഷേപിക്കാൻ നിർദ്ദേശിക്കുകയും അതിനായി അദ്ദേഹത്തിന് മറ്റൊരു ബാങ്ക് അക്കൗണ്ട് നൽകുകയും ചെയ്തു. എന്തുകൊണ്ടാണ് കമ്പനിക്ക് മറ്റൊരു ബാങ്ക് അക്കൗണ്ടിൽ പണം അയക്കുന്നതെന്ന് പരാതിക്കാരൻ ആരാഞ്ഞപ്പോൾ അത് നികുതി ആവശ്യത്തിനാണെന്ന് പറഞ്ഞു.
പരാതിക്കാരൻ പിന്നീട് നിക്ഷേപം ആരംഭിക്കുകയും തൻ്റെ വെർച്വൽ അക്കൗണ്ടിൽ അയാൾ ഉണ്ടാക്കിയ ലാഭം കാണുകയും ചെയ്തു. തട്ടിപ്പാണ് എന്നറിയാതെ തട്ടിപ്പുകാരനെ അന്ധമായി വിശ്വസിച്ചുകൊണ്ട് അവർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് 22 ഇടപാടുകളിലായി 11.16 കോടി രൂപ അദ്ദേഹം നിക്ഷേപിച്ചു. ഒരു വലിയ തുക ലാഭം തൻ്റെ ട്രേഡിങ്ങ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നത് അയാൾക്ക് കാണാൻ കഴിഞ്ഞു.തൻ്റെ ട്രേഡിംഗ് അക്കൗണ്ടിൽ നിക്ഷേപിച്ച പണം പിൻവലിക്കണമെന്ന് പറഞ്ഞ് പരാതിക്കാരൻ ബന്ധപ്പെട്ടപ്പോൾ, ക്രെഡിറ്റ് ചെയ്ത തുകയുടെ 20% സേവന ചാർജായി നൽകണമെന്ന് അറിയിപ്പുകിട്ടി . ഇത് സംശയാസ്പദമായി കണ്ടതിനെ തുടർന്ന്, തട്ടിപ്പ് നടത്തുന്ന സ്ഥാപനത്തിൻ്റെ ലോവർ പരേൽ ഓഫീസുമായി പരാതിക്കാരൻ ബന്ധപ്പെട്ടപ്പോഴാണ് പണം മുഴുവൻ സൈബർ തട്ടിപ്പുകാരിലാണെത്തിയതെന്ന് മനസ്സിലാകുന്നത്..അങ്ങനെയാണ് പണം നഷ്ട്ടപ്പെട്ടയാൾ പരാതിയുമായി സ്റ്റേഷനിലെത്തുന്നതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതർക്കെതിരെ സൈബർ പോലീസ് കേസെടുത്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ നമ്പറുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉപയോഗിച്ച് തട്ടിപ്പുകൾ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് സൈബർ പോലീസ്.

സമാനമായ കേസിൽ കൊളാബയിൽ നിന്നുള്ള 36 കാരനായ വ്യവസായിക്ക് സൈബർ തട്ടിപ്പിലൂടെ 68 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു സെപ്തംബർ 6 ന് 170 അംഗങ്ങളുള്ള ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ തന്നെ ചേർത്തുവെന്നും അവിടെ വച്ച് അമിത് കുമാർ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ തന്നോട് ചാറ്റ് ചെയ്യുകയും ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്തതായി പോലീസിനു ലഭിച്ച പരാതിയിൽ പറയുന്നു.തട്ടിപ്പുകാർ ഒരു ആപ്പ് വഴി ഇയാളുടെ പേരിൽ ഒരു ട്രേഡിംഗ് അക്കൗണ്ട് തുറന്നു. തുടർന്ന് വെർച്വൽ ട്രേഡിംഗ് അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. പരാതിക്കാരൻ തുടക്കത്തിൽ ₹50,00 നിക്ഷേപിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ 10% ലാഭം നേടുകയും ചെയ്തു. ഒടുവിൽ തട്ടിപ്പിലൂടെ 68 ലക്ഷം രൂപ നഷ്ടപ്പെട്ടു.
മറ്റൊരു കേസിൽ, സെൻട്രൽ മുംബൈയിലെ താമസക്കാരനെ വീഡിയോ കാൾ വഴി ബാങ്കിൻ്റെ പ്രതിനിധിയാണെന്ന് പറഞ്ഞ് ഒരാൾ 88.50 ലക്ഷം രൂപ തട്ടിയെടുത്തു. തൻ്റെ ക്രെഡിറ്റ് കാർഡ് ചില പർച്ചേസുകൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും കുട്ടികളെ ക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിലൂടെ സമ്പാദിച്ച 3.16 കോടി രൂപ തൻ്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിതായി കണ്ടെത്തിയിട്ടുണ്ടെന്നും തട്ടിപ്പ്കാരൻ പരാതിക്കാരനോട് പറഞ്ഞു.പിന്നീട് വീഡിയോ കോളിൽ പോലീസ് വേഷത്തിൽ എത്തിയ ഒരാൾ കേസിൽ നിന്ന് രക്ഷപെടാൻ പൈസ ആവശ്യപ്പെടുകയായിരുന്നു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ബോംബെയിലെ ഒരു വിദ്യാർത്ഥി “ഡിജിറ്റൽ അറസ്റ്റ്” എന്നറിയപ്പെടുന്ന വർദ്ധിച്ചുവരുന്ന സൈബർ തട്ടിപ്പിൻ്റെ ഇരയായതു കഴിഞ്ഞ ജൂലായിലാണ്.. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ജീവനക്കാരനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ ആൾക്ക് വിദ്യാർത്ഥി വഴി ലഭിച്ചത് 7.29 ലക്ഷം രൂപയാണ് . ഫോണിലൂടെ പല അനധികൃതകാര്യങ്ങളും ചെയ്‌തതായി കണ്ടെത്തി എന്നു പറയുകയും പിന്നീട് പോലീസ് വേഷക്കാരനെത്തി ഭീഷണപ്പെടുത്തി സമാനമായരീതിയിൽ അക്കൗണ്ട് വഴി പണം തട്ടിയെടുത്തു .

ഇതുപോലുള്ള നിരവധി സംഭവങ്ങളാണ് പ്രതിദിനം നടക്കുന്നതെന്നും ഫോൺ വഴിവരുന്ന അജ്ഞാത വിളികളിലും സന്ദേശങ്ങളിലും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും സൈബർ പോലീസ് അറിയിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *