ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ച ആദ്യ സര്‍വകലാശാല: ബിരുദ ഓണേഴ്സ് പ്രോഗ്രാമുകള്‍;എം.ജി സര്‍വകലാശാലയില്‍ പ്രവേശന നടപടികള്‍ക്ക് തുടക്കം
കോട്ടയം: അടുത്ത അക്കാദമിക് വര്‍ഷം സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന ബിരുദ ഓണേഴ്സ് പ്രോഗ്രാമുകളുടെ തയ്യാറെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് മഹാത്മാ ഗാന്ധി സര്‍വകലാശാലാ പ്രവേശന നടപടികള്‍ക്ക് തുടക്കം കുറിച്ചു.
സര്‍വകലാശാലയ്ക്കു കീഴിലുള്ള വിവിധ കോളജുകളില്‍ ഓണേഴ്സ് പ്രോഗ്രാമുകളില്‍ ഏകജാലക പ്രവേശനത്തിന് ഇപ്പോള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. സംസ്ഥാനത്ത് ആദ്യമായി രജിസ്ട്രേഷന്‍ തുടങ്ങിയത് എം.ജിയിലാണ്.
രാജ്യാന്തര, ദേശീയ തലങ്ങളിലെ ഏറ്റവും മികച്ച സര്‍വകലാശാലകളുടെ കോഴ്സുകള്‍ക്ക് ഒപ്പം നില്‍ക്കുന്ന രീതിയിലാണ് ഓരോ പ്രോഗ്രാമിന്‍റെയും സിലബസുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു. കാലോചിതമായ സിലിബസ് സമയബന്ധിതമായി തയ്യാറാക്കുന്നതില്‍ വിദദ്ധ സമിതികളും അധ്യാപകരും ചെയ്ത സേവനം ഏറെ വിലപ്പെട്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിരുദ ഓണേഴ്സ് പ്രോഗ്രാമുകള്‍ക്ക് https://cap.mgu.ac.in/ എന്ന പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
പ്രോഗ്രാമുകള്‍ ഓരോന്നും ഏതു കോളുജകളിലാണുള്ളതെന്ന് പോര്‍ട്ടലില്‍ അറിയാം. പ്രവേശന നടപടികള്‍ ഏകോപിപ്പിക്കുന്നതിന് കോളജുകളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഏല്ലാ കോളജുകളിലും ഹെല്‍പ്പ് ഡസ്‌കുകളും പ്രവര്‍ത്തിച്ചുവരുന്നു. നോഡല്‍ ഓഫീസര്‍മാരുടെയും ഹെല്‍പ്പ് ഡസ്‌കുകളുടെയും ഫോണ്‍ നമ്പരുകള്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.
നിലവിലുള്ള കോഴ്സ് ഘടനയില്‍ മാറ്റം വന്നിട്ടുള്ളതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് വിദ്യാര്‍ഥികള്‍ കോളജുകളിലെ ഹെല്‍പ്പ് ഡസ്കുകളുടെ സേവനം തേടുന്നതാണ് അഭികാമ്യമെന്ന് ഓണേഴ്സ് പ്രോഗ്രാമിന്‍റെ ചുമതലയുള്ള നിർവാഹക സമിതി അധ്യക്ഷനായ സിൻഡിക്കേറ്റ് അംഗം ഡോ. ബിജു പുഷ്പൻ അറിയിച്ചു. ഓണേഴ്സ് ബിരുദത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് സര്‍വകലാശാലയും കോളജുകളും സംയുക്തമായി നടത്തുന്ന മുഖാമുഖം പരിപാടികള്‍ വിദ്യാര്‍ഥികളും മാതാപിതാക്കളും പ്രയോജനപ്പെടുത്തണെമന്ന് അദ്ദേഹം നിര്‍ദേശിച്ചു.
കോളജുകളിലെ അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദം, സര്‍വകലാശാലാ കാമ്പസില്‍ നടത്തുന്ന 4+1 ഓണേഴ്‌സ് പ്രോഗ്രാം എന്നിവയുടെ പ്രവേശനത്തിനും https://cap.mgu.ac.in/ എന്ന പോര്‍ട്ടല്‍ മുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ 0481-2733511, 0481-2733521, 0481-2733518 എന്നീ ഫോണ്‍ നമ്പറുകളില്‍ ലഭിക്കും. ഇ-മെയില്‍: ugcap@mgu.ac.in