ഓൺലൈൻ തട്ടിപ്പിലൂടെ 25.5 ലക്ഷം തട്ടിയ സംഘത്തിലെ ഒരാൾകൂടി റിമാൻഡിൽ

0
SOORYA NARAYANAN

 

ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിങിന്റെ പേരിൽ ആലപ്പുഴ കണ്ടല്ലൂർ സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ തമിഴ്നാട് കാഞ്ചീപുരം സ്വദേശിയായ പ്രതി റിമാൻഡിലായി. പരാതിക്കാരനിൽ നിന്നും തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുവാങ്ങിയ തമിഴ്നാട് കാഞ്ചീപുരം ഇഞ്ചമ്പാക്കം പിള്ളയാർ കോവിൽ സ്ട്രീറ്റിൽ പ്രകാശ് റാവു മകൻ സത്യനാരായണൻ (60 വയസ്സ്) എന്നയാളെയാണ് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. തട്ടിപ്പുകാർ പരാതിക്കാരനെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് സ്വകാര്യ ഷെയർ ട്രേഡിങ്ങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി വ്യാജ ഷെയർ ട്രേഡിങ്ങ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ഇതിൽ പരാതിക്കാരനെകൊണ്ട് അക്കൗണ്ട് ക്രിയേറ്റ് ചെയ്യിപ്പിക്കുകയും തുടർന്ന് ഈ വ്യാജ ആപ്പിലൂടെ പ്രതികൾ നിർദ്ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരൻ പണമയച്ചു കൊടുക്കുകയും ചെയ്തു. രണ്ടു മാസത്തിനിടയിൽ ഇത്തരത്തിൽ 25.5 ലക്ഷം രൂപയാണ് പരാതിക്കാരൻ പ്രതികൾക്ക് അയച്ചുകൊടുത്തത്.

എന്നാൽ അയച്ചുകൊടുത്ത പണം വ്യാജ ആപ്പിലെ പരാതിക്കാരന്റെ അക്കൗണ്ടിൽ കാണിക്കാതെ വന്നപ്പോൾ പരാതിക്കാരൻ ഇതേക്കുറിച്ചു അന്വേഷിക്കുകയും ഇനിയും 28 ലക്ഷം രൂപ കൂടി അയച്ചു തന്നാൽ മുഴുവൻ പണവും ഇരട്ടിയായി തിരികെ നൽകാമെന്ന് തട്ടിപ്പുകാർ അറിയിക്കുകയും ചെയ്തതോടെയാണ് പരാതിക്കാരന് ഇത് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകുകയും ഇതിന്റെ അടിസ്‌ഥാനത്തിൽ കഴിഞ്ഞ ജൂലൈ 19 നു ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം. പി മോഹനചന്ദ്രൻ IPS അവർകളുടെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെ ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസ്സിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ എം. അജയകുമാറിന്റെ നേതൃത്വത്തിൽ പരാതിക്കാരന്റെ പണം ട്രാൻസ്ഫർ ചെയ്ത ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി മരവിപ്പിക്കുകയും ബഹു. ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രഞ്ജിത് കൃഷ്ണൻ എൻ അവർകളുടെ ഉത്തരവിലൂടെ പരാതിക്കാരന്റെ പണം തിരികെ നൽകുകയും ചെയ്തു. 11 ലക്ഷത്തോളം രൂപയാണ് പരാതിക്കാരന് ഇതുവരെ തിരികെ കിട്ടിയത്. ഇനിയും കൂടുതൽ തുക വിവിധ ബാങ്ക് അക്കൗണ്ടുകളിൽ കണ്ടെത്തി മരവിപ്പിച്ചിട്ടുള്ളതും ഇത് തിരികെ കിട്ടാനുള്ള കോടതി നടപടികൾ പുരോഗമിക്കുകയുമാണ്.

തുടർന്നുള്ള അന്വേഷണത്തിൽ പരാതിക്കാരന് നഷ്‌ടമായ പണം അറസ്റ്റിലായ പ്രതി തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു വാങ്ങിയതായി കണ്ടെത്തി. തുടർന്ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജ്ജിന്റ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഴിഞ്ഞ സെപ്റ്റംബർ മാസം പ്രതിയെ അന്വേഷിച്ചു തമിഴ്നാട് ചെന്നൈയിലെത്തി നടത്തിയ അന്വേഷണത്തിൽ പ്രതിയെ മറ്റൊരു കേസിൽ ചെന്നൈ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്ത് തമിഴ്നാട് പുഴൽ സെൻട്രൽ ജയിലിൽ റിമാൻഡിൽ പാർപ്പിച്ചിരിക്കുന്നതായി വിവരം ലഭിക്കുകയും തുടർന്ന് ഇയാളെ പ്രൊഡക്ഷൻ വാറന്റ് മുഖേന ആലപ്പുഴ ചീഫ് ജുഡീഷ്യൽ കോടതി മുൻപാകെ ഹാജരാക്കുന്നതിന് ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അപേക്ഷ സമർപ്പിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് ബഹുമാനപ്പെട്ട ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആലപ്പുഴ സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയും തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയുമായിരുന്നു.

ഈ കേസിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഷ്‌താഖ് ബക്കീർ എന്നയാളെ മുൻപ് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പി സന്തോഷ് എം എസിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ശരത്ചന്ദ്രൻ വി എസ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അജയകുമാർ എം, സിപിഒമാരായ ഗിരീഷ് എസ് ആർ, റികാസ് കെ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്. ഈ കേസിലേക്ക് IP അഡ്രസ്സുകൾ കേന്ദ്രീകരിച്ചും ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിച്ചും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ആലപ്പുഴ സൈബർ ക്രൈം പോലീസ് അറിയിച്ചു. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ പ്രകാരം ആന്ധ്രാപ്രദേശ്, കർണാടക, പഞ്ചാബ്, രാജസ്‌ഥാൻ, വെസ്റ്റ് ബംഗാൾ, ബീഹാർ, ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്നാട്, തെലങ്കാന എന്നീ സംസ്‌ഥാനങ്ങളിലായി ഇയാൾക്കെതിരെ മറ്റ് 23 പരാതികൾ നിലവിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *