കേസ് ഒത്തുതീര്‍പ്പാക്കാന്‍ പണം വാങ്ങി : നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

0
POLICE

കൊച്ചി: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒത്തുതീര്‍പ്പിന് പണം വാങ്ങിയ പൊലീസുകാര്‍ക്കെതിരെ നടപടി. എറണാകുളം കുറുപ്പുംപടി സ്റ്റേഷനിലെ നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഗ്രേഡ് എസ്‌ഐ റൗഫ്, സിപിഒമാരായ ഷഫീക്ക്, ഷക്കീര്‍, സഞ്ജു എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

കേസില്‍ വിജിലന്‍സ് കൊച്ചി യൂണിറ്റിന്റെ അന്വേഷണത്തില്‍ തെളിവുകള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ ജില്ല പൊലീസ് മേധാവിയാണ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇടനിലക്കാരായിനിന്ന് പ്രതികളില്‍നിന്ന് 6.60 ലക്ഷം രൂപ വാങ്ങിയ സംഭവത്തിലാണ് നടപടി.

ഗുജറാത്ത് കേന്ദ്രീകരിച്ച് നടന്ന ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സംഭവം. ഗുജറാത്തിലെ രണ്ട് പൊലീസുകാര്‍ കൊച്ചിയിലെത്തി കേരള പൊലീസിനോട് സഹായം തേടിയിരുന്നു. പ്രതികള്‍ കുറുപ്പംപടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണെന്ന് മനസ്സിലാക്കിയതോടെ അവര്‍ സഹായംതേടി. തുടര്‍ന്ന് പ്രതികളെ കുറുപ്പുംപടി പൊലീസ് കണ്ടെത്തുകയും ചെയ്തു.

സ്റ്റേഷനില്‍നിന്ന് രണ്ട് ഉദ്യോഗസ്ഥര്‍ ഗുജറാത്ത് പൊലീസിനൊപ്പം പോയിരുന്നു. പ്രതികളെ കണ്ടെത്തിയതോടെ കുറുപ്പംപടി സ്റ്റേഷനിലെ ഇപ്പോള്‍ നടപടിക്കിരയായ ഉദ്യോഗസ്ഥര്‍ ഇടനിലക്കാരായി മാറുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് പ്രതികളില്‍നിന്ന് 3.30 ലക്ഷം രൂപ വീതം വാങ്ങി. ഇതില്‍നിന്ന് ഗുജറാത്തിലെ പൊലീസുകാര്‍ക്ക് 60,000 രൂപ നല്‍കി. ബാക്കി ആറുലക്ഷം രൂപയാണ് കുറുപ്പംപടിയിലെ ഉദ്യോഗസ്ഥര്‍ വീതംവെച്ചത്. ഇതുസംബന്ധിച്ച് തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *