ഉള്ളിവില കുതിച്ചുയരുന്നു: കേരളത്തിലും വില വർധന
കോഴിക്കോട്: ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് സവാള വില കുതിക്കുന്നു. കോഴിക്കോട് മൊത്ത വിപണിയിൽ കിലോയ്ക്ക് 74 രൂപയായി. ചില്ലറ വിപണിയിൽ എത്തുമ്പോൾ 80 രൂപയാകും. കനത്ത മഴയെ തുടർന്ന് ഉള്ളികൾ നശിക്കുകയും പാടങ്ങൾ വെള്ളത്തിലാവുകയും ചെയ്തതിനാൽ വിളവെടുപ്പ് വൈകിയതാണ് വില വർധനവിന് കാരണം. മഹാരാഷ്ട്രയിൽ സവോളയുടെയും ഉള്ളിയുടെയും ഉൽപാദനം കുറഞ്ഞതാണ് കേരളത്തിൽ വില കൂടാൻ കാരണം.
മുൻവർഷങ്ങളെ താരതമ്യം ചെയ്യുമ്പോൾ 25% മാത്രമാണ് ഇത്തവണ ഉത്പാദനം. അതുകൊണ്ടുതന്നെ മഹാരാഷ്ട്രയിലെ മുഴുവൻ മാർക്കറ്റുകളിലും ഉള്ളിയുടെ വില വർധിക്കുകയാണ്. ഉൽപാദനം കുറഞ്ഞതിനാൽ മറ്റു സംസ്ഥാനങ്ങളിലേക്ക് മഹാരാഷ്ട്രയിൽ നിന്നും അധികം ഉള്ളി കയറ്റി വിടുന്നില്ല. സവാള ക്വിൻ്റലിന് 5,400 രൂപ എന്ന റെക്കോർഡ് നിരക്കിലാണ് മഹാരാഷ്ട്രയിലെ മാർക്കറ്റുകളിൽ വ്യാപാരികൾ ലേലം കൊള്ളുന്നത്.