ഉള്ളി കയറ്റുമതിക്കുള്ള നിരോധനം നീട്ടി
ന്യൂഡൽഹി: ഉള്ളി കയറ്റുമതിക്കുള്ള നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടി കേന്ദ്രസർക്കാർ. ഉള്ളിയുടെ ആവശ്യം രാജ്യത്ത് വർദ്ധിച്ചതിനാലാണ് കയറ്റുമതിക്കുള്ള നിരോധനം നീട്ടിയത്. മാർച്ച് 31 വരെയാണ് നിലവിൽ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയിരുന്നത്.
വിലക്ക് അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കുന്നതിനിടയിലാണ് കയറ്റുമതി നിരോധനം വീണ്ടും നീട്ടിയത്. 2023 ഡിസംബർ 31 വരെ ഇന്ത്യ ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ചുമത്തിയിരുന്നു. ഉള്ളി തേടി ഇന്ത്യയിലെത്തിയ ഭൂട്ടാന്, മൗറീഷ്യസ്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് രാജ്യത്ത് നിന്ന് ഉള്ളി കയറ്റുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് 3,000 ടണ്ണും, ബഹ്റൈനിലേക്ക് 1,200 ടണ്ണും മൗറീഷ്യസിലേക്ക് 550 ടണ്ണും ഉള്ളി കയറ്റുമതി ചെയ്യും എന്ന് രാജ്യത്തെ വിദേശ വ്യാപാരം കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് വ്യക്തമാക്കി.
വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലാണ് ഡിജിഎഫ്ടി പ്രവർത്തിക്കുന്നത്. യു.എ.ഇ., ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് മൊത്തം 64,400 ടൺ ഉള്ളി കയറ്റുമതി ചെയ്യാൻ കഴിഞ്ഞ ആഴ്ച ഇന്ത്യ അനുമതി നൽകിയിരുന്നു.ആഭ്യന്തര ലഭ്യത വർദ്ധിപ്പിക്കുന്നതിനും വില നിയന്ത്രിക്കുന്നതിനുമായി കഴിഞ്ഞ വർഷം ഡിസംബർ 8 ന് സർക്കാർ ഉള്ളിയുടെ കയറ്റുമതി ഈ വർഷം മാർച്ച് 31 വരെ നിരോധിച്ചിരുന്നു.
ഈ സാമ്പത്തിക വർഷം 2023 ഏപ്രിൽ 1 നും 2023 ഓഗസ്റ്റ് 4 നും ഇടയിൽ 9.75 ലക്ഷം ടൺ ഉള്ളിയാണ് രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തത്. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് നിന്ന് ഏറ്റവും കൂടുതലായി ഉള്ളി ഇറക്കുമതി ചെയ്യുന്നത് ബംഗ്ലാദേശ്, മലേഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയാണ്.