റോഡിലെ കുഴിയിൽ വീണതോടെ സ്‌ഫോടനം, ഒരു മരണം ; ദീപാവലിക്കായുള്ള ‘ ഒണിയൻ ബോംബു’മായി സ്‌കൂട്ടറിൽ യാത്ര
ഹൈദരാബാദ്: സ്‌കൂട്ടറില്‍ കൊണ്ടുപോയ പടക്കം പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ആന്ധ്രപ്രദേശിലെ എലൂരു ജില്ലയിലാണ് സംഭവം. വണ്ടി ഓടിച്ചിരുന്ന സുധാകര്‍ എന്നയാളാണ് മരിച്ചത്.
ദീപാവലി ആഘോഷങ്ങള്‍ക്കു വേണ്ടി പ്രത്യേകമായി നിര്‍മിച്ച ഒണിയന്‍ ബോംബ് എന്ന പടക്കവുമായി സ്‌കൂട്ടറില്‍ പോവുകയായിരുന്നു സുധാകറും മറ്റൊരാളും. സ്‌കൂട്ടറില്‍ ബാഗിലായാണ് പടക്കം സൂക്ഷിച്ചിരുന്നത്. സ്‌കൂട്ടര്‍ റോഡിലെ കുഴയില്‍ വീണതോടെ പടക്കം താഴെവീണ് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തില്‍ സുധാകറിന്റെ ശരീരം ചിന്നിച്ചിതറിയെന്നാണ് വിവരം.
സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. ഇടുങ്ങിയ തെരുവിലൂടെ രണ്ടുപേര്‍ സ്‌കൂട്ടറില്‍ അതിവേഗം പോകുന്നതും പ്രധാനവഴിയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പായി കുഴിയിലേക്ക് വീഴുന്നതും പിന്നാലെ സ്‌ഫോടനം നടക്കുന്നതും കാണാം. ഉച്ചയ്ക്ക് 12.17-ഓടെയായിരുന്നു സംഭവം.