പത്തനംതിട്ട തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥൻ കൊല്ലപ്പെട്ടു
പത്തനംതിട്ട: പത്തനംതിട്ടയിൽ കാട്ടാനയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തുലാപ്പള്ളി സ്വദേശി കൊടിലിൽ ബിജു(56)വാണ് കാട്ടാനയാക്രമണത്തിൽ മരിച്ചത്. ശബരിമല വനാതിർത്തി മേഖലയായ എരുമേലി തുലാപ്പള്ളി മാണിപ്പടിക്കടുത്താണ് സംഭവം.
പുലർച്ചെ ഒന്നരയോടെ വീടിന് സമീപത്തെ തെങ്ങ് ആന മറിയ്‌ക്കുന്നത് കണ്ട് തുരത്താൻ ഇറങ്ങിയപ്പോഴാണ് ബിജുവിനെ ആന ആക്രമിച്ചത്.വീട്ടില്‍ നിന്നും 50 മീറ്റർ അകലെയായി ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ ബിജു മരിച്ചു. ബിജുവിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്. വിവരമറിഞ്ഞ് പമ്പ പൊലീസും കണമല വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
ബിജു ഓട്ടോഡ്രൈവറാണ്. ഭാര്യ: ഡെയ്‌സി. മക്കള്‍: ജിൻസണ്‍, ബിജോ.പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാർ ജില്ലാ കളക്ടറോ ഉന്നത ഉദ്യോഗസ്ഥരോ എത്താതെ ബിജുവിന്റെ മൃതദേഹം സ്ഥലത്തു നിന്ന് മാറ്റാൻ സമ്മതിക്കില്ലെന്ന് അറിയിച്ചു.