ജെയ്‌സ്വാളിന് സെഞ്ച്വറി, ഏകദിന പരമ്പര ഇന്ത്യയ്ക്ക്
വിശാഖപട്ടണം: നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച വിജയവുമായി ഇന്ത്യ. ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പര സ്വന്തമാക്കി. ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ്ണ പരാജയത്തിന് ശേഷമാണ് ഇന്ത്യയുടെ ആശ്വാസവിജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 270 റണ്‍സെന്ന വെല്ലുവിളി ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.ആദ്യ ഏകദിന സെഞ്ചുറി തിരച്ച് യശ്വസ്വി ജയ്സ്വാളും അര്‍ദ്ധ സെഞ്ചുറികളോടെ രോഹിതും കോഹ്‌ലിയും കളം നിറഞ്ഞതോടെ 61 പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു. 121 പന്തില്‍നിന്ന് 116 റണ്‍സടിച്ച ജയ്സ്വാളും 45 പന്തില്‍നിന്ന് 65 നേടിയ കോഹ്‌ലിയുമാണ് ഇന്ത്യയുടെ വിജയം കുറിച്ചത്. 75 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും ഇന്ത്യയ്ക്ക് കരുത്തായി. 20,000 അന്താരാഷ്ട്ര റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡും രോഹിത് ശര്‍മ്മ നേടി.
നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയത് പ്രസിദ്ധ് കൃഷ്ണയും കുല്‍ദീപ് യാദവുമാണ് ദക്ഷിണാഫ്രിക്കയെ 270 റണ്‍സിന് പിടിച്ചു കെട്ടിയത്. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കത്തില്‍ അതിവേഗം റണ്‍സ് കണ്ടെത്താന്‍ ശ്രമിച്ച പ്രോട്ടീസിനെ പിന്നീട് വരുതിയില്‍ നില്‍ത്താന്‍ ഇരുവര്‍ക്കും സാധിച്ചത് നിര്‍ണായകമായി. പ്രസിദ്ധ് 9.5 ഓവറില്‍ 66 റണ്‍സ് വഴങ്ങിയും കുല്‍ദീപ് 10 ഓവറില്‍ 41 റണ്‍സ് വഴങ്ങിയുമാണ് 4 വിക്കറ്റുകള്‍ പിഴുതത്. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ അര്‍ഷ്ദീപ് സിങും രവീന്ദ്ര ജഡേജയും പങ്കിട്ടു.ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്ക് സെഞ്ച്വറിയുമായി കളം വാണങ്കിലും മധ്യനിരയേയും വാലറ്റത്തേയും ക്രീസില്‍ നിലയുറപ്പിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. ഡി കോക്ക് സെഞ്ച്വറിയുമായി പോരാട്ടം ഇന്ത്യന്‍ ക്യാംപിലേക്ക് നയിച്ചെങ്കിലും തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം ഇന്ത്യ കളിയിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
