ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ചേക്കും. രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.170-ാം നിയമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോക്‌സഭാ, നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ എല്ലാം ഒരുമിച്ച് നടത്തിക്കൊണ്ട് ചെലവ് കുറയ്ക്കാനുള്ള നീക്കമായാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനെ കാണുന്നത്. ആദ്യ ഘട്ടത്തില്‍ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ഇത് സംബന്ധിച്ച ശുപാര്‍ശകള്‍ മുന്‍ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്‍റെ നേതൃത്വത്തിലുള്ള സമിതി സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. രണ്ടാം മോദി സര്‍ക്കാരിന്‍റെ കാലത്താണ് ഈ ആശയത്തെക്കുറിച്ച് പഠിക്കുന്നതിനായി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ അധ്യക്ഷതയില്‍ സമിതിയെ നിയോഗിക്കുന്നത്.
മൂന്നാം മോദി സർക്കാരിന്‍റെ പ്രധാന ലോക്‌സഭ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം. അടിക്കടിയുണ്ടാകുന്ന തെരഞ്ഞെടുപ്പുകൾ രാജ്യത്തിന് വിഭവ നഷ്‌ടവും ധനനഷ്‌ടവുമുണ്ടാക്കുന്നു എന്നും ഇത് വികസനത്തതിന് തടസം സൃഷ്‌ടിക്കുന്നു എന്നുമാണ് മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞത്.
ആദ്യഘട്ടത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളും ഒരുമിച്ചും, രണ്ടാം ഘട്ടത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുകളും നടത്താനാണ് റാം നാഥ് കോവിന്ദ് സമിതി റിപ്പോർട്ട് ശുപാർശ ചെയ്‌തത്. തെരഞ്ഞെടുപ്പിന്‍റെ നടത്തിപ്പ് ചെലവ് ഗണ്യമായി കുറയ്ക്കാനാകും എന്നാണ് ഈ ആശയത്തിന്‍റെ നേട്ടമായി മോദി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്.