ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബില്ല് ഇനി ലോക്‌സഭയില്‍.
ന്യുഡൽഹി : കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ‘ ബിൽ ഡിസംബർ 16ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകളാണ് അവതരിപ്പിക്കപ്പെടുക.
ഭരണഘടനയുടെ 129-ാം ഭേദഗതി ബില്ലും കേന്ദ്രഭരണ പ്രദേശങ്ങളുടെ നിയമ (ഭേദഗതി) ബില്ലും തിങ്കളാഴ്‌ച ലോക്‌സഭയിൽ അവതരിപ്പിക്കും. ലോക്‌സഭ, സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനും ഡൽഹി, ജമ്മു കശ്‌മീർ, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് യോജിപ്പിക്കുന്നതിനുള്ള ബില്ലുമാണിത്. കേന്ദ്ര നിയമ – നീതി മന്ത്രി അർജുൻ റാം മേഘ്‌വാളാണ് ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കുക.
അതേസമയം, നിർദേശം അപ്രായോഗികമാണെന്നും ഫെഡറലിസത്തിനെതിരായ ആക്രമണമാണെന്നും പ്രതിപക്ഷ നേതാക്കൾ വിമര്‍ശിച്ചു. ഒരു സംസ്ഥാനത്തെ സർക്കാർ ആറ് മാസത്തിനുള്ളിൽ താഴെ വീഴുകയോ ഭൂരിപക്ഷം നഷ്‌ടപ്പെടുകയോ ചെയ്‌താൽ, നാലര വർഷത്തേക്ക് സംസ്ഥാനം സർക്കാരില്ലാതെ തുടരേണ്ടിവരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ആർഎസ് എംപിയുമായ ദിഗ്‌വിജയ് സിങ് ചൂണ്ടിക്കാട്ടി.
അത്തരമൊരു സാഹചര്യം നാട്ടിൽ സാധ്യമല്ല എന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു. രണ്ടര വര്‍ഷം കൊണ്ടും മൂന്ന് വര്‍ഷം കൊണ്ടുമെല്ലാം വീഴുന്ന സര്‍ക്കാരുകള്‍ രാജ്യത്തുണ്ടെന്നും ദിഗ്‌വിജയ് സിങ് ചൂണ്ടിക്കാട്ടി. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബില്ല് ജനാധിപത്യത്തെ തകർക്കുന്നതാണെന്നും ബില്‍ സംയുക്ത പാർലമെന്‍ററി സമിതിക്ക് വിടണമെന്നും കോൺഗ്രസ് എംപി ജയറാം രമേശും ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. നിയമ നിർമ്മാണ അസംബ്ലികളുള്ള മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന ബില്ല് ഉൾപ്പെടെ രണ്ട് കരട് നിയമ നിർമാണങ്ങൾക്കാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.