‘ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്’ ബില്‍ ജെപിസിക്ക്; 269 പേര്‍ അനുകൂലിച്ചു; എതിര്‍ത്തത് 198 അംഗങ്ങള്‍

0

 

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ അവതരിപ്പിച്ച ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് ബില്‍ ചര്‍ച്ചയ്ക്കായി സംയുക്തപാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിട്ടു. 269 പേര്‍ ബില്‍ അവതരിപ്പിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തതപ്പോള്‍ 198 പേര്‍ എതിര്‍ത്തു. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിന് സംസ്ഥാന നിയമസഭകളുടെ കാലാവധിയില്‍ മാറ്റം വരുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍, കേന്ദ്രഭരണപ്രദേശ നിയമഭേദഗതി ബില്‍ എന്നിവയാണ് നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ അവതരിപ്പിച്ചത്. ബില്ല് ഭരണഘടന വിരുദ്ധമെന്ന് കോൺഗ്രസ് പ്രതികരിച്ചു. ബില്ലിനെതിരെ പ്രതിഷേധിക്കാൻ അവകാശമുണ്ട്. എന്നാൽ സഭയിൽ മര്യാദ പാലിക്കണമെന്ന് സ്പീക്കർ പ്രതിപക്ഷ അംഗങ്ങളോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ കൂടുതൽ കാര്യക്ഷമമായ മാർഗം വേണമെന്നും സ്പീക്കർ പറഞ്ഞു. ബില്ലിനെതിരെ കടുത്ത എതിർപ്പുമായി തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. നിയമസഭകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണിത്. ഇത് തെരഞ്ഞെടുപ്പ് പരിഷ്ക്കാരമല്ല. ഒരു വ്യക്തിയുടെ ആഗ്രഹപൂർത്തീകരണം മാത്രമെന്ന് കല്യാൺ ബാനർജി എം പി പറഞ്ഞു. ബിൽ ജെപിസിക്ക് വിടണമെന്ന് ഡിഎംകെആവശ്യപ്പെട്ടു. ബില്ലിനെ പിന്തുണച്ച് ടിഡിപി രംഗത്തെത്തി.വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തെ ദൃഢമാക്കുന്ന തീരുമാനമെന്ന് ടിഡിപി വ്യക്തമാക്കി.

ബില്‍ വിശദമായ ചര്‍ച്ചയ്ക്കായി ജെപിസിക്ക് അയക്കാന്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം നിര്‍ദേശിച്ചതെന്നും അമിത് ഷാ പറഞ്ഞു. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകള്‍ മന്ത്രിസഭ പരിഗണിച്ചപ്പോള്‍, ഇത് പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്ക് വിടണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. എല്ലാ തലങ്ങളിലും ഇതിനെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തണം,’ അമിത് ഷാ ലോക്സഭയില്‍ പറഞ്ഞു.

ബില്ല്
ഭരണഘടനയുടെ അടിസ്ഥാനഘടനയെ വെല്ലുവിളിക്കുന്നതാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് അംഗം മനീഷ് തിവാരി ബില്‍ ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ബിജെപി സര്‍ക്കാര്‍ സേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കുകയാണെന്ന് സമാജ് വാജി പാര്‍ട്ടിയിലെ ധര്‍മേന്ദ്ര യാദവ് പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യത്തെയും ഫെഡറല്‍ ഘടനയെയും ഇത് തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമന്ത്രി അവതരിപ്പിച്ച ബില്ലുകള്‍ ഭരണഘടനയ്‌ക്കെതിരായ സമ്പൂര്‍ണ ആക്രമണമാണെന്ന് ഡിഎംകെ അംഗം ടിആര്‍ ബാലു പറഞ്ഞു. ഇത് ഫെഡറല്‍ സ്വഭാവത്തിന് വിരുദ്ധമായ നടപടിയാണ്. അഞ്ച് വര്‍ഷത്തേക്ക് സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ട്, ഒരേസമയം തെരഞ്ഞെടുപ്പുകള്‍ നടത്തി ഈ അവകാശം പരിമിതപ്പെടുത്താന്‍ കഴിയില്ല. ഭരണഘടനയുടെ ആത്മാവിനെയും ഘടനയെയും തകര്‍ക്കുന്നതിനായാണ് ഭരണഘടനാ ഭേദഗതി ബില്‍ കൊണ്ടുവന്നിരിക്കുന്നതെന്നും ടിആര്‍ ബാലു പറഞ്ഞു. ബില്ലിനോടുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് ബില്ല് അവതരിപ്പിച്ച നിയമമന്ത്രി അര്‍ജുന്‍ മേഘ് വാള്‍ പറഞ്ഞു. ബില്‍ നിയമസഭയുടെ അധികാരം കവരില്ലെന്നും ഫെഡറിലിലസത്തിന് എതിരല്ലെന്നും ഇത് സംബന്ധിച്ച് പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്നും നിയമന്ത്രി പറഞ്ഞു

32 പാര്‍ട്ടികള്‍ ഒരു രാഷ്ട്രം ഒറ്റ തിരഞ്ഞെടുപ്പ് നീക്കത്തെ പിന്തുണച്ചപ്പോള്‍, 15 പാര്‍ട്ടികള്‍ എതിര്‍ത്തു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപി ഒരേസമയം തെരഞ്ഞടുപ്പെന്ന നിയമനിര്‍മാണത്തെ പിന്തുണച്ചു. 8 പേജുള്ള ബില്ലാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്.

കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് ബില്ല് കൊണ്ടുവന്നതെന്ന് അമിത് ഷാ പറഞ്ഞു.പ്രധാനമന്ത്രി തന്നെ ജെ പി സിക്ക് വിടാമെന്ന് പറഞ്ഞിട്ടുണ്ട്.ബില്ല് ജെ പി സിക്ക് വിടാൻ എതിർപ്പില്ലെന്ന് നിയമമന്ത്രിയും വ്യക്തമാക്കി.ഭൂരിപക്ഷ പിന്തുണയിൽ ബില്ല് അവതരിപ്പിച്ചു.ജെപിസിക്കുള്ള പ്രസ്താവന ഈയാഴ്ച കൊണ്ടു വരും.ജെപിസി അംഗങ്ങളെ തീരുമാനിച്ച ശേഷം പ്രമേയം അവതരിപ്പിക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *