‘വിറച്ചിട്ട് സംസാരിക്കാൻ പറ്റുന്നില്ല സാറേ’ ബമ്പർ ടിക്കറ്റ് വിറ്റ ഏജന്റ്‌

0

 

വയനാട്: ‘വിറച്ചിട്ട് സംസാരിക്കാൻ പറ്റുന്നില്ല സാറേ’… ഇതായിരുന്നു ഇത്തവണത്തെ തിരുവോണം ബമ്പറിന്റെ ഒന്നാംസമ്മാനമായ 25കോടി ടിക്കറ്റ് വിറ്റ സുൽത്താൻ ബത്തേരിയിലെ എൻ.ജി.ആർ ലോട്ടറീസ് ഏജന്റ് നാ​ഗരാജിന്റെ ആദ്യ പ്രതികരണം. വലിയ സന്തോഷമായെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. മൈസൂർ സ്വദേശിയാണ് നാ​ഗരാജ്. ഇദ്ദേഹവും സഹോദരൻ മഞ്ജുനാഥും ചേർന്നാണ് കട നടത്തുന്നത്.

ആരാണ് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയതെന്നറിയില്ലെന്ന് നാ​ഗരാജ് പറഞ്ഞു. ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റത്. എവിടെനിന്നുള്ളയാളാണ് എന്നറിയില്ല. ഉദുമൽപേട്ട, ​ഗൂഡല്ലൂർ, മൈസൂർ, ബെം​ഗളൂരു എന്നിവിടങ്ങളിൽനിന്നുള്ളവരെല്ലാം വരുന്ന സ്ഥലമാണ് സുൽത്താൻ ബത്തേരി. രണ്ടുമാസം മുൻപ് വിൻ വിൻ ലോട്ടറിയിലൂടെ 77 ലക്ഷം സമ്മാനം അടിച്ചിരുന്നു. പതിനഞ്ച് വർഷമായി ലോട്ടറി വില്പന തുടങ്ങിയിട്ട്. അതിൽ അ‍ഞ്ചുവർഷം മുൻപാണ് കടയിട്ടതെന്നും അദ്ദേഹം പറഞ്ഞു.

പനമരത്തെ ജിനീഷ് എന്ന ഏജന്റിൽ നിന്നും വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം അടിച്ചതെന്ന് നാ​ഗരാജിന്റെ സഹോദരൻ മഞ്ജുനാഥ് പറഞ്ഞു. ബോർഡിൽ വെച്ചിരുന്ന ടിക്കറ്റാണ് ഇത്. സ്വർ​ഗത്തിനുള്ളിൽപ്പോയി പുറത്തുവന്നതുപോലെയുണ്ട്. വലിയ സന്തോഷത്തിലാണെന്നും അദ്ദേഹം പറ‍ഞ്ഞു.

ഒന്നാം സമ്മാനം 25 കോടി രൂപ, രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക്, മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ, 500 രൂപ അവസാന സമ്മാനം എന്നിങ്ങനെയാണ് തിരുവോണം ബമ്പർ ജനങ്ങൾക്ക് മുമ്പിലെത്തിയത്.

80 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 71,28,218 ടിക്കറ്റുകളാണ് വിറ്റത്. അച്ചടിച്ചുവെച്ചതിൽ എട്ടരലക്ഷത്തിലധികം ടിക്കറ്റുകൾ ബാക്കിയായതിനാൽ നറുക്കെടുപ്പ് നടക്കുന്ന ബുധനാഴ്ച രാവിലെയും ടിക്കറ്റുകൾ ലഭ്യമായിരുന്നു. കഴിഞ്ഞ വർഷം 75,76,096 ടിക്കറ്റുകൾ വിറ്റിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *