ഫ്രിഡ്ജിൽ കണ്ടത് 30 കഷണങ്ങളാക്കിയ യുവതിയുടെ മൃതദേഹം; രണ്ടാഴ്ചയായി ഫോൺ സ്വിച്ച്ഓഫ്

0

 

ബെംഗളൂരു: നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. എട്ട് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം തുടരുന്നത്. യുവതിയെ പരിചയമുള്ള വ്യക്തിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ സംശയം.

ബെംഗളൂരു വ്യാളികാവലിലെ അപ്പാര്‍ട്ട്‌മെന്റിലാണ് കഴിഞ്ഞദിവസം യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ബിഹാര്‍ സ്വദേശിയായ മഹാലക്ഷ്മി(29)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകത്തെ അനുസ്മരിപ്പിക്കുന്നരീതിയിലായിരുന്നു മഹാലക്ഷ്മിയുടെ കൊലപാതകവും. യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം മുപ്പതിലേറെ കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചനിലയിലായിരുന്നു.

അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് കനത്ത ദുര്‍ഗന്ധം വമിച്ചതോടെയാണ് അരുംകൊല പുറംലോകമറിയുന്നത്. ദുര്‍ഗന്ധം വമിക്കുന്നത് കഴിഞ്ഞദിവസങ്ങളില്‍ തന്നെ അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പ്രദേശത്ത് മാലിന്യങ്ങളുള്ളതിനാല്‍ അതിനുള്ളില്‍ തെരുവുനായ്ക്കളോ മറ്റോ ചത്തുകിടക്കുന്നതാകുമെന്നാണ് നാട്ടുകാര്‍ ആദ്യംകരുതിയത്. എന്നാല്‍, അപ്പാര്‍ട്ട്‌മെന്റില്‍നിന്നാണ് ദുര്‍ഗന്ധം വമിക്കുന്നതെന്ന് മനസിലായതോടെ അയല്‍ക്കാര്‍ കെട്ടിട ഉടമയെ വിവരമറിയിച്ചു. ഇതേ കെട്ടിടത്തില്‍ താഴത്തെ നിലയിലായിരുന്നു ഉടമയും താമസിച്ചിരുന്നത്. തുടര്‍ന്ന് കെട്ടിട ഉടമ സമീപത്ത് താമസിക്കുന്ന മഹാലക്ഷ്മിയുടെ അമ്മയെയും സഹോദരിയെയും വിവരമറിയിക്കുകയായിരുന്നു. ഇവരുടെ സാന്നിധ്യത്തില്‍ അപ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തിയതോടെയാണ് ഫ്രിഡ്ജിനുള്ളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു എന്ന് സമീപവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. വാതില്‍ തുറന്ന് അകത്തുകടന്നതോടെയാണ് ഫ്രിഡ്ജിനുള്ളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടത്. 165 ലിറ്ററിന്റെ സിംഗിള്‍ ഡോര്‍ ഫ്രിഡ്ജില്‍ താഴെയാണ് യുവതിയുടെ അറത്തുമാറ്റിയ തല വെച്ചിരുന്നത്. ഇതിന്റെ മുകളിലായി കൈകാലുകളും കണ്ടെത്തി. മുപ്പതിലേറെ കഷണങ്ങളാക്കിയാണ് മൃതദേഹം വെട്ടിനുറുക്കിയതെന്ന് പോലീസ് പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങള്‍ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസം

കൊല്ലപ്പെട്ട മഹാലക്ഷ്മി കഴിഞ്ഞ ഏഴ് മാസമായി വ്യാളികാവലിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കായിരുന്നു താമസം. നേരത്തെ ഭര്‍ത്താവിനും നാലുവയസ്സുള്ള മകള്‍ക്കും ഒപ്പം നെലമംഗലയിലാണ് യുവതി താമസിച്ചിരുന്നത്. എന്നാല്‍, ഭര്‍ത്താവുമായി പിരിഞ്ഞശേഷം വ്യാളികാവലിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറ്റുകയായിരുന്നു. ഇതിന് സമീപത്തായാണ് യുവതിയുടെ അമ്മയും സഹോദരിയും താമസിച്ചിരുന്നത്.

ഏകദേശം ഇരുപതുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മഹാലക്ഷ്മിയുടെ കുടുംബം ബെംഗളൂരുവിലെത്തിയതെന്നാണ് വിവരം. നഗരത്തിലെ ഒരു ഷോപ്പിങ് മാളിലായിരുന്നു മഹാലക്ഷ്മിയുടെ ജോലി. സ്ഥിരമായി രാവിലെ ഇരുചക്രവാഹനത്തില്‍ ജോലിസ്ഥലത്തേക്ക് പോയിരുന്ന യുവതി രാത്രി പത്തരയോടെയാണ് ഫ്‌ളാറ്റില്‍ മടങ്ങിയെത്താറുള്ളത്. എന്നാല്‍, സെപ്റ്റംബര്‍ രണ്ടാം തീയതി മുതല്‍ മഹാലക്ഷ്മിയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ രണ്ടാഴ്ചയോളം മുന്‍പാണ് കൊലപാതകം നടന്നതെന്നും പോലീസ് കരുതുന്നു.

അടിമുടി ദുരൂഹത

രണ്ടാഴ്ചയോളം യുവതിയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആയിട്ടും ബന്ധുക്കളാരും ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കാതിരുന്നത് ആശ്ചര്യകരമാണെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം. യുവതിയുടെ ഫോണ്‍വിളി വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *