ഒമാനിലെ ബലിപെരുന്നാള്‍ ദിനം ജൂണ്‍ 17ന്
മസ്‌കത്ത്: ഒമാനില്‍ ഇന്നലെ (വ്യാഴം-ദുല്‍ഖഅദ് 29) ദുല്‍ഹിജ്ജ മാസപ്പിറവി കാണാത്തതിനാല്‍ ഇന്ന് (വെള്ളിയാഴ്ച) ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി ശനിയാഴ്ച ദുൽഹജ്ജ് മാസം ഒന്നായിരിക്കും. ഇതുപ്രകാരം ബലി പെരുന്നാള്‍ ജൂണ്‍ 17 തിങ്കളാഴ്ചയും ആയിരിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, സൗദി അറേബ്യയില്‍ മാസപ്പിറ ദൃശ്യമായതിനാല്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിൽ ബലിപെരുന്നാള്‍ ജൂണ്‍ 16 ന് ആയിരിക്കും. ഇന്ന് ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രിം കോടതി പ്രഖ്യാപിച്ചു.
അതേസമയം, ഹജ്ജിലെ സുപ്രധാന ചടങ്ങാണ് അറഫാ സംഗമം. ജൂൺ 15ന് നടക്കും. ജൂൺ 14 വെള്ളിയാഴ്ച ഹജ്ജിനായി തീർഥാടകർ മിനായിലേക്ക് നീങ്ങും.
അല്ലാഹുവിന്റെ കൽപ്പന മാനിച്ച് പ്രവാചകനായ ഇബ്രാഹിം നബി തന്റെ മകനായ ഇസ്മായീലിനെ ബലിയറുക്കാൻ തുനിഞ്ഞതിന്‍റെ ഓർമ പുതുക്കിയാണ് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഇതിന്റെ പ്രതീകമായി അന്നേ ദിവസം മൃഗബലി നടത്താറുണ്ട്. ബലി എന്നർഥമുള്ള അദ്ഹ എന്ന അറബിക് പദത്തിൽ നിന്നാണ് ഈദുൽ അദ്‌ഹ അഥവാ ബലിപെരുന്നാൾ എന്ന വാക്ക് രൂപപ്പെടുന്നത്.
ഇസ്ലാമിലെ രണ്ടു പെരുന്നാളുകളും രണ്ടു ആരാധനകളോട് അനുബന്ധിച്ചാണ് വരുന്നത്. ഈദുല്‍ ഫിത്തര്‍ നോമ്പിനോട് അഥവാ റമദാനിനോട് അനുബന്ധിച്ചാണെങ്കില്‍ ഈദുല്‍ ആദ്ഹ അഥവാ ബലിപെരുന്നാള്‍ ഹജ്ജിനോട് അനുബന്ധമായാണ് വരുന്നത്.
ബലി പെരുന്നാള്‍ ദിനം പ്രഖ്യാപിച്ചതോടെ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് രാജ്യം. അതേസമയം, രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ദിനങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇത്തവണ ഒൻപത് ദിവസം തുടര്‍ച്ചയായ അവധി ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു