ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോം വഴി ഇനി എളുപ്പത്തില്‍ ലൈസൻസ് സ്വന്തമാക്കാൻ കഴിയും
ഒമാൻ : ഇ-കൊമേഴ്‌സ് പ്രവർത്തനങ്ങൾക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ എളുപ്പമാക്കി വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോം വഴി അതിവേഗം ലൈസൻസ് സ്വന്തമാക്കാൻ കഴിയും. പ്രവാസികൾക്കും വിദേശ മൂലധന നിക്ഷേപ നിയമം അടിസ്ഥാനമാക്കി വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ഓൺലൈൻ വ്യാപാരത്തിന് വ്യക്തികളും സ്ഥാപനങ്ങളും അംഗീകാരം നേടണം. വിശ്വസിനീയമല്ലാത്ത ഓൺലൈൻ അക്കൗണ്ടുകളിൽ നിന്നും ഇടപാടുകൾ നടത്തരുതെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗവും ഉണർത്തി.
ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയുള്ള വിൽപനയും വാങ്ങലുകളും ഇനി മുതൽ മന്ത്രാലയം ചട്ടക്കൂടിൽ മാത്രമെ അനുവദിക്കുകയുള്ളൂവെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓൺലൈൻ സ്‌റ്റോറുകളും മറ്റും മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചാൽ പിഴ ഉൾപ്പെടെ ശിക്ഷകൾക്ക് വിധേയമാക്കും.ഇ-സ്‌റ്റോറുകളുടെ ഇടപാടുകൾ ക്രമപ്പെടുത്തുന്നതിനായി റോയൽ ഒമാൻ പോലീസ്ജനറൽ ഡയറക്ട്രേറ്റ് ഓഫ് കസ്റ്റംസ്, ഉപഭോക്തൃ സംരക്ഷണ വിഭാഗം, സെൻട്രൽ ബേങ്ക് ഓഫ് ഒമാൻ, ടെലികമ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റി, അസ്‌യദ് ഗ്രൂപ്പ്, ഐ ടി എച്ച് സി എ ഗ്രൂപ്പ് എന്നിവ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കും.
ഇ-കൊമേഴ്‌സ് മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുമ്പോൾ സ്വകാര്യ മേഖല നേരിടുന്ന വെല്ലുവിളികളെ പരിഗണിക്കുകയും അവരുടെ കൂടി നിർദേശങ്ങളെ കൂടി ഉൾക്കൊള്ളുകയും ചെയ്യും. അപേക്ഷകൻ 18 വയസു കഴിഞ്ഞവരായിരിക്കണം. ഒന്ന് മുതൽ മൂന്ന് വർഷത്തേക്ക് വരെയാണ് ലൈസൻസ് അനുവദിക്കുക. ലൈസൻസിൽ അനുവദിച്ചിട്ടില്ലാത്ത വാണിജ്യ പ്രവർത്തനങ്ങൾ നടത്തൽ നിയമ ലംഘനമാണ്. കാലാവധി കഴിഞ്ഞാൽ ഓൺലൈൻ വഴി തന്നെ പുതുക്കുന്നതിന് വേണ്ടിയും അപേക്ഷ സമർപ്പിക്കണം. അപേക്ഷ തള്ളിയാൽ വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന് നേരിട്ട് 60 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാനാകും.