ഓം പ്രകാശ് തങ്ങിയ ഹോട്ടലിൽ പ്രയാഗയെ കൂടാതെ മറ്റൊരു നടിയും; സിസിടിവി ദൃശ്യം പരിശോധിച്ച് പൊലീസ്
കൊച്ചി ∙ ലഹരിക്കേസിൽ ഓം പ്രകാശും സുഹൃത്തുക്കളും തങ്ങിയ നക്ഷത്ര ഹോട്ടലിൽ പ്രയാഗ മാർട്ടിനു പുറമെ മറ്റൊരു നടിയുമെത്തി. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഓം പ്രകാശിന്റെ മുറി സന്ദർശിച്ചോ എന്നു വ്യക്തമായാൽ ഈ നടിയെ ചോദ്യം ചെയ്യും. ഹോട്ടലിൽ നടിയുടെ സാന്നിധ്യം പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ഏതു സാഹചര്യത്തിലാണ് നടി അവിടെ എത്തിയതെന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഓം പ്രകാശും സുഹൃത്തുക്കളും ഹോട്ടലിൽ മൂന്നു മുറികളാണ് എടുത്തത്. ചില വ്യവസായികളും ഹോട്ടലിൽ എത്തിയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.
അതേസമയം, ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. നക്ഷത്ര ഹോട്ടലിൽ പോയത് സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരമാണെന്നാണ് പ്രയാഗയുടെ മൊഴി. സുഹൃത്തുക്കളിൽ ശ്രീനാഥ് ഭാസിയുടെ സുഹൃത്തായ ബിനു ജോസഫും ഉണ്ടായിരുന്നു. ശ്രീനാഥിനൊപ്പമാണ് ഹോട്ടലിൽ എത്തിയത്. ലഹരി ഇടപാടോ പാർട്ടിയോ നടന്നതായി അറിവില്ലായിരുന്നുവെന്നും പ്രയാഗ പറഞ്ഞു.ലഹരി പരിശോധനയ്ക്ക് സന്നദ്ധരാണെന്ന് താരങ്ങൾ അന്വേഷണ സംഘത്തെ അറിയിച്ചു.
നിലവിൽ പരിശോധന വേണ്ടെന്ന നിലപാടിലാണ് പൊലീസ്. മൊഴികൾ വിലയിരുത്തിയ ശേഷമാകും ശ്രീനാഥിനെ വീണ്ടും ചോദ്യം ചെയ്യുന്നതിൽ തീരുമാനം കൈക്കൊള്ളുക.അതിനിടെ കൊച്ചിയിലെ അലൻ വോക്കറുടെ സംഗീത നിശയ്ക്കിടെ മൊബൈൽ ഫോണുകൾ കവർന്ന സംഭവത്തിൽ പരിപാടിയിലെ ബൗൺസർമാരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പ്രവേശന കവാടത്തിലെ തിക്കിലും തിരക്കിലുമാണ് ഭൂരിഭാഗം മൊബൈലും കവർന്നത്. തിക്കും തിരക്കും മനഃപൂർവം സൃഷ്ടിച്ചതാണെന്ന പരാതിക്കാരുടെ മൊഴിയിലാണ് ബൗൺസർമാർക്കെതിരെ സംശയം ബലപ്പെടുന്നത്.