ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങ് നാളെ ഇന്ത്യൻ സമയം രാത്രി 11ന്
ലോകം കാത്തിരിക്കുന്ന മഹാദ്ഭുതത്തിനു തിരി തെളിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിനായി പാരിസ് സർവസജ്ജം. പാരിസിന്റെ ജീവനാഡിയായ സെൻ നദിക്കരയിൽ നാളെ രാത്രി 7.30ന് (ഇന്ത്യൻ സമയം രാത്രി 11) ഉദ്ഘാടന പരിപാടികൾക്കു തുടക്കമാകും. മാർച്ച് പാസ്റ്റ് ഉൾപ്പെടെ ഉദ്ഘാടനത്തിന്റെ ഭാഗമായ പ്രധാന ചടങ്ങുകൾക്കെല്ലാം സെൻ നദി വേദിയാകും.
ഉറപ്പിച്ച് മക്രോ
സുരക്ഷാഭീഷണിയുള്ളതിനാൽ ഉദ്ഘാടനച്ചടങ്ങ് സ്റ്റേഡിയത്തിനുള്ളിലേക്കു മാറ്റുന്നത് ഉൾപ്പെടെയുള്ള പ്ലാൻ ബി ഫ്രാൻസ് നേരത്തേ തയാറാക്കിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച രാത്രി ഫ്രാൻസിലെ ദേശീയ ടിവി ചാനലായ ‘ഫ്രാൻസ് 2’ന് അനുവദിച്ച അഭിമുഖത്തിൽ പ്രസിഡന്റ് ഇമ്മാനുവൽ മക്രോ നയം വ്യക്തമാക്കി. സെൻ നദിക്കരയിൽ, ഐഫൽ ടവറിന്റെ പശ്ചാത്തലത്തിൽ തയാറാക്കിയ സ്റ്റുഡിയോയിൽ ഇരുന്ന് മക്രോയുടെ പ്രഖ്യാപനം: ‘എല്ലാ പരിശോധനകളും പൂർത്തിയായി. ഒരു പ്രതിസന്ധിയുമില്ലാതെ ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങ് സെൻ നദിയിൽത്തന്നെ നടത്തും. ഒളിംപിക് ചരിത്രത്തിലെ അപൂർവതയ്ക്കായി ഫ്രാൻസ് ഒരുങ്ങിക്കഴിഞ്ഞു’; ഫ്രാൻസിലെ ചാനലുകളെല്ലാം ഇന്നലെ പകൽ മുഴുവൻ ഈ അഭിമുഖം പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്തു.
സസ്പെൻസ് ഒഴിയാതെ
ഉദ്ഘാടനച്ചടങ്ങിന്റെ വിശദവിവരങ്ങൾ ഇതുവരെ സംഘാടകർ വെളിപ്പെടുത്തിയിട്ടില്ല. ലേഡി ഗാഗ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്നു പ്രചരിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. ടിക്കറ്റു വച്ചാണ് ഉദ്ഘാടനച്ചടങ്ങിലേക്കു പ്രവേശനം. സംഘാടക സമിതി വിതരണം ചെയ്യുന്ന ടിക്കറ്റിന് 1600 യൂറോ (ഏകദേശം 1.48 ലക്ഷം രൂപ) മുതൽ 3000 യൂറോ (ഏകദേശം 2.76 ലക്ഷം രൂപ) വരെ മുടക്കണം. ടിക്കറ്റില്ലാതെ നദിക്കരയിൽ നിന്നോ ഇരുന്നോ ചടങ്ങ് കാണാനാവില്ല. ടിക്കറ്റില്ലാത്തവർക്കായി പാരിസ് നഗരത്തിലെ ബിഗ് സ്ക്രീനുകളിൽ ഉദ്ഘാടനച്ചടങ്ങ് പ്രദർശിപ്പിക്കും.