ഒളിംപിക്സ് ആവേശത്തിൽ കൗമാര കായിക കാർണിവൽ
വിശ്വകായികമേളയായ ഒളിംപിക്സിന്റെ ഉദാത്തമായ ആശയങ്ങളെ സ്കൂൾ കുട്ടികളിലേക്കു പ്രചരിപ്പിക്കേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനാലാണ് ഈ വർഷത്തെ സ്കൂൾ കായികമേള ഒളിംപിക്സ് മാതൃകയിൽ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. പങ്കാളിത്തംകൊണ്ടു ലോകത്തെ ഏറ്റവും വലിയ കായിക വേദികളിലൊന്നാണിത്. ഇത്തവണ മുതൽ ഓരോ നാലുവർഷം കൂടുമ്പോഴും ഒളിംപിക്സ് മാതൃകയിൽ ‘കേരള സ്കൂൾ കായികമേള’ എന്ന പേരിൽ കായികോത്സവം സംഘടിപ്പിക്കാനാണു നിലവിലെ തീരുമാനം. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം ഒളിംപിക്സ് മാതൃകയിൽ സ്കൂൾ കായികമേള സംഘടിപ്പിക്കുന്നത്.
സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളുടെ കായിക മത്സരമായ ഇൻക്ലൂസീവ് സ്പോർട്സും ഈ മേളയുടെ ഭാഗമാണ്. ചരിത്രത്തിലാദ്യമായി, ഗൾഫ് രാജ്യങ്ങളിലെ ആറു കേരള സിലബസ് വിദ്യാലയങ്ങളിലെ 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട കായികപ്രതിഭകൾകൂടി മേളയുടെ ഭാഗമാകുന്നു. ഈ വർഷം മുതൽ, ജേതാക്കളാകുന്ന ജില്ലയ്ക്കു മുഖ്യമന്ത്രിയുടെ പേരിലുള്ള എവർ റോളിങ് ട്രോഫിയാണ് നൽകുക. കായികതാരങ്ങൾക്കു പ്രതീക്ഷയ്ക്കതീതമായ നിലയിലുള്ള നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.