ഒളിവു ജീവിതം അവസാനിപ്പിക്കുമോ ദിവ്യ?; പാർട്ടി നിർദേശം നിർണായകം

0

തിരുവനന്തപുരം∙ കോടതി ജാമ്യം നിഷേധിച്ചതോടെ സിപിഎം നേതാവ് പി.പി.ദിവ്യയ്ക്കും പൊലീസിനും മുന്നിൽ ഇനിയെന്തെന്ന ചോദ്യം ഉയരുന്നു. ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് സിപിഎമ്മെന്ന് ആവർത്തിക്കുമ്പോഴും, രാഷ്ട്രീയ കാരണങ്ങളാൽ ദിവ്യയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിരുന്നില്ല. ദിവ്യ നിലവിൽ ഒളിവിലാണ്.

പാർട്ടി നേതൃത്വത്തിന്റെ നിർദേശമില്ലാതെ ദിവ്യ ഒളിവിൽ തുടരാൻ സാധ്യതയില്ല. പൊലീസ് നടപടി വൈകുന്നതിലും രാഷ്ട്രീയ നിർദേശം ഉറപ്പ്. കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ പൊലീസിന്റെ നടപടികൾ എന്താണെന്നാണ് നവീന്റെ കുടുംബം ഉറ്റുനോക്കുന്നത്. ജാമ്യം നിഷേധിച്ചതോടെ പൊലീസിനു ദിവ്യയെ അറസ്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്യാത്തതിനെതിരെ കുടുംബം പരസ്യമായി രംഗത്തു വന്നിട്ടുണ്ട്. കോടതി തീരുമാനം വരട്ടെയെന്നായിരുന്നു പൊലീസ് നിലപാട്. പി.പി.ദിവ്യ കണ്ണൂരിൽ തന്നെയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ദിവ്യ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുമെന്ന് സൂചനയുണ്ട്.

ജാമ്യം നിഷേധിച്ചതോടെ ദിവ്യയ്ക്ക് ഹൈക്കോടതിയിൽ ജാമ്യഹർജി നൽകാം. വിധി വരുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന അപേക്ഷയും നൽകാം. എന്നാൽ ഇക്കാര്യത്തിൽ പാർട്ടി നിർദേശം നിർണായകമാകും. അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാതെ ഒളിവിലിരുന്ന് ഹൈക്കോടതിയെ സമീപിച്ചാൽ അത് ഉപതിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ പാർട്ടിക്ക് തിരിച്ചടിയാകും. അറസ്റ്റ് ചെയ്താൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റിന് മുൻപ് ദിവ്യയ്ക്കു മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങാനുമാകും.

നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയയായ പി.പി.ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം നേരത്തെ പുറത്താക്കിയിരുന്നു. ദിവ്യയ്‌ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയായിരുന്നു പാർട്ടി നടപടി. യാത്രയയപ്പ് യോഗത്തിൽ പി.പി.ദിവ്യ പരസ്യവിമർശനം നടത്തിയതിൽ മനംനൊന്ത് താമസസ്ഥലത്തേക്കു മടങ്ങിയ നവീൻ ബാബു ജീവനൊടുക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *