സജീഷിൻ്റെ പഴമയുടെ രുചി പെരുമയിൽ
നിരഞ്ജൻ ഹീരാനന്ദാനിയുടെ ഓണം
പവായ് : നാടൻ സദ്യയുടെ നഗര പ്പെരുമയിൽ ഒരു ‘മുംബൈ ഇളയിട’മായി മാറികൊണ്ടിരിക്കയാണ് പവായ് നിവാസിയായ സജീഷ് പിള്ള രുചിയുടെ പുതിയ പരീക്ഷണശാലകൂടിയാണ് സജീഷിന് ‘മുംബൈ ട്രാവൻകൂർ കിച്ചൺ ‘ എന്ന സ്വന്തം സ്ഥാപനം. ജനിച്ചതും വളർന്നതും മുംബൈയിലാണെങ്കിലും ,നാടൻ സദ്യയും അതുപോലെ നവീനമായ പാചക വിഭവങ്ങളും ഒരുപോലെ ഒരുക്കികൊടുക്കുന്നതിലുള്ള വൈദഗ്ദ്യം സജീഷിനുണ്ട് . കഴിഞ്ഞ ദിവസം പവായിലെ ഹീരാനന്ദാനി ആശുപത്രിയിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽ
സജീഷ് ഒരുക്കിയ ഓണസദ്യയുടെ രുചിയറിഞ്ഞത് ഇന്ത്യൻ ശതകോടീശ്വരൻമാരിൽ ഒരാളും റിയൽ എസ്റ്റേറ്റ് രംഗത്തെ അതികായനും ഹിരാനന്ദാനി ഗ്രൂപ്പിന്റെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ നിരഞ്ജൻ ഹീരാനന്ദാനിയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലെ മറുഭാഷക്കാരായ ജീവനക്കാരുമാണ് . കേരളീയ വേഷത്തിലെത്തിയ ഹിരാനന്ദാനി ആശുപത്രിയിലെ മലയാളികളായ നേഴ്‌സുമാരും മറ്റു ജീവനക്കാരോടുമൊപ്പം ആടാനും പാടാനും ഒരുമിച്ചുണ്ടായിരുന്നു . കേരളീയരുടെ സംസ്‌കാരിക പാരമ്പര്യവും അതിലെ മാനവീയതയും ഹൃദയസ്പർശിയായ അനുഭവമായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
എല്ലാഭാഷക്കാരും ദേശക്കാരും ഒന്നിച്ചു ചേരുന്ന ആഘോഷങ്ങളിലൊന്നായി ഓണവും മാറിക്കഴിഞ്ഞു എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമായിരുന്നു ഹീരാനന്ദാനി ഹോസ്പിറ്റലിൽ ഹീരാനന്ദാനിയോടൊപ്പം ആഘോഷിച്ച ഓണം എന്ന് സജീഷ് പിള്ള പറഞ്ഞു.സജീഷ് വെറുമൊരു ഹോട്ടൽ നടത്തിപ്പുകാരൻ മാത്രമല്ല .അറിയപ്പെടുന്ന ഒരു സാമൂഹ്യ പ്രവർത്തകൻ കൂടിയാണ്. ഭാഷയോ ദേശമോ രാഷ്ട്രീയമോ നോക്കാതെയുള്ള ഇടപെടലുകളിലൂടെയും നിസ്വാർത്ഥ സേവനത്തിലൂടെയും പവായിക്കാർക്ക് സുപരിചിതനാണ് സജീഷ് .ആർക്കും ആശ്രയിക്കാവുന്ന സേവന സന്നദ്ധത. ജനം പുറത്തിറങ്ങാൻ വിമുഖതകാണിച്ച കോവിഡ് വ്യാപന കാലത്ത് വീടിന് അകത്തിരിക്കാതെ പാവായിയുടെ മുഴുവൻ മേഖലയിലും രാവും പകലുമില്ലാതെ സഹായഹസ്‌തവുമായി ഓടിനടന്ന സജീഷ് പിള്ളയെ ആരും മറക്കുമെന്ന് തോന്നുന്നില്ല.
ഒഎൻജിസി അടക്കം പല സ്ഥാപനങ്ങളിലേ ഇതര ഭാഷക്കാരായ ജീവനക്കാരും ഇന്ന് ഓണാഘോഷം സംഘടിപ്പിക്കുന്നതിൽ മുൻനിരയിൽ വന്നുകൊണ്ടിരിക്കയാണ് . മുംബൈയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ മലയാളി സംഘടനകൾ വർഷങ്ങളായി പൂക്കളമൊരുക്കിവരുമ്പോൾ അതേറ്റവും കൂടുതൽ ആസ്വദിക്കുന്നതും അതിനുള്ള വേദികൾ ഒരുക്കികൊടുക്കുന്നതും മറുഭാഷക്കാരാണ് .സമാനമായ സാംസ്‌കാരിക വിനിമയം താൻ ഒരുക്കുന്ന നാട്ടു രുചികളിലൂടെ പങ്കുവെക്കുകയാണ് സജീഷ് പിള്ള