പഴയകാല പ്രചാരണ പരിപാടികളെ ഓര്‍മ്മിപ്പിച്ച് കൈവണ്ടികളും
തിരുവനന്തപുരം: അവസാനഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം കൂട്ടാന്‍ പഴയകാല പ്രചാരണ രീതികളുമായി രംഗത്തിറങ്ങിയിരിക്കുയാണ് തിരുവനന്തപുരത്തെ എന്‍ഡിഎ മുന്നണി അനുകൂലികള്സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനു വോട്ടു തേടി, പോയ കാലത്തെ അനുസ്മരിപ്പിക്കുന്ന കൈവണ്ടികളുമായാണ് നഗരത്തിലെ വിവിധയിടങ്ങളില്‍ ഇവര്‍ പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പൊള്ളയായ വാഗ്ദാനങ്ങളെ തുറന്നു കാട്ടുന്ന ഹാസ്യ പോസ്റ്ററുകളാണ് കൈവണ്ടികളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
സ്ഥാനാര്‍ത്ഥി ടെക്കിയാണെങ്കിലും പ്രചാരണത്തിന് പുതിയ സാങ്കേതിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും പഴയകാല പ്രചാരണ രീതികള്‍ക്ക് അവയുടേതായ ആകര്‍ഷണീയ ഉണ്ടെന്ന് ഇവര്‍ പറയുന്നു. എല്ലാവരും പുതുമകള്‍ക്കു പിന്നാലെ പോകുമ്പോള്‍ ഈ കൈവണ്ടികള്‍ നിരത്തില്‍ വേറിട്ട കാഴ്ചയായി.
കൈവണ്ടികള്‍ പഴയകാല മാതൃകയാണെങ്കിലും അതില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ക്ക് പുതുമയുണ്ട്. ലിറ്റ് ബോര്‍ഡുകളാണിവ. വൈകീട്ട് നാലു മുതല്‍ എട്ടു മണി വരെയാണ് നഗരത്തിലുടനീളം ഈ കൈവണ്ടി യാത്ര. ശാസ്തമംഗലം, വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യൂ, പുളിമൂട്, ആയുര്‍വേദ കോളെജ്, പഴവങ്ങാടി, ഈസ്റ്റ് ഫോര്‍ട്ട് റൂട്ടിലായിരുന്നു ആദ്യ ദിവസത്തെ യാത്ര. കമലേശ്വരം, മണക്കാട്, അട്ടക്കുളങ്ങര, കിള്ളിപ്പാലം, കരമന എന്നിവിടങ്ങളിലായിരുന്നു രണ്ടാം ദിവസം.