ഒളിംപിക്സ് അസോസിയേഷന്റെ സഹായധനം തടഞ്ഞത് ഐഒഎ ട്രഷററുടെ വീഴ്ചയെന്ന് പി.ടി. ഉഷ
ന്യൂഡൽഹി ∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷനുള്ള (ഐഒഎ) സഹായധനം (ഒളിംപിക് സോളിഡാരിറ്റി ഗ്രാന്റ്) രാജ്യാന്തര ഒളിംപിക് കമ്മിറ്റി തടഞ്ഞു. ഐഒഎയുടെ വാർഷിക സാമ്പത്തിക റിപ്പോർട്ട് ട്രഷറർ സഹ്ദേവ് യാദവ് കൃത്യമായ സമയത്തു സമർപ്പിക്കാത്തതു കാരണമാണിതെന്ന ആരോപണവുമായി പ്രസിഡന്റ് പി.ടി. ഉഷ രംഗത്തെത്തി.ഐഒഎയിലെ ആഭ്യന്തര കലഹം മൂർച്ഛിച്ചിരിക്കെയാണു ഐഒസിയുടെ നടപടി. നിലവിലെ സാഹചര്യം തുടർന്നാൽ ഐഒഎയുടെ അംഗീകാരം റദ്ദാക്കുന്ന സാഹചര്യം രൂപപ്പെടുമെന്നാണു വിവരം. ഈ മാസം എട്ടിനു ചേർന്ന ഐഒസി എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിലാണു ധനസഹായം തടയാനുള്ള തീരുമാനമെടുത്തത്. ഇക്കാര്യം ഇന്നലെ ഐഒഎയെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
‘ഐഒഎയിലെ ആഭ്യന്തര തർക്കങ്ങളും ഭരണപരമായ പ്രതിസന്ധിയും തുടരുകയാണ്. ഈ സാഹചര്യം വളരെയധികം അനിശ്ചിതത്വം സൃഷ്ടിക്കുന്നു. ഇതിൽ പലതിലും വ്യക്തത ആവശ്യമാണ്. അതിനാൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഐഒസിയോ ഒളിംപിക് സോളിഡാരിറ്റിയോ ഐഒഎയ്ക്കു ധനസഹായം ലഭ്യമാക്കില്ല. കായികതാരങ്ങൾക്കു നേരിട്ടു പ്രയോജനം ലഭിക്കുന്ന ഒളിംപിക് സ്കോളർഷിപ്പുകൾക്ക് ഇതു ബാധമാകില്ല’. ഐഒസിയുടെ നാഷനൽ ഒളിംപിക് കമ്മിറ്റി റിലേഷൻസ് ആൻഡ് ഒളിംപിക് സോളിഡാരിറ്റി ഡയറക്ടർ ജയിംസ് മക്‌ലോഡ് അയച്ച കത്തിൽ പറയുന്നു. ഒളിംപിക്സ് സംപ്രേഷണാവകാശത്തിന്റെ തുകയിൽ നിന്നുള്ള വിഹിതം ഉൾപ്പെടെയാണ് ഒളിംപിക് സോളിഡാരിറ്റി ഫണ്ടായി രാജ്യങ്ങൾക്കു ലഭിക്കുന്നത്.