ഓണ സ്‌മൃതിയുമായി, മുംബൈയിൽ മെഗാ പൂക്കളങ്ങൾ ഒരുങ്ങുന്നു …

0

മുരളീദാസ് പെരളശ്ശേരി

മുംബൈ : തിരുവോണ നാളിൽ മലയാളത്തിൻ്റെ ഐതിഹ്യ മഹിമയും സുഗന്ധവും മഹാനഗരത്തിലേയ്ക്കും
വ്യാപിപ്പിച്ചുകൊണ്ടുള്ള മെഗാപൂക്കളങ്ങൾ ഒരുക്കുന്നതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ
മുംബൈയിലെ വിവിധ മലയാളി കൂട്ടായ്മകളിൽ നടന്നുവരുന്നു .

‘അമ്മ’ തിരുവോണ പൂക്കളം

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാളി -മറാത്തി കലാസാംസ്‌കാരിക സമന്വയം ലക്ഷ്യം വെച്ച് സംഘടിപ്പിച്ചു വരുന്ന ‘എത്തിനിക്ക് ഫെസ്റ്റ് ‘അടക്കം സാമൂഹ്യ പ്രതിബദ്ധതയുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ മറുഭാഷക്കാരിലും സുപരിചിതമായ സംഘടനയാണ് ”അമ്മ ‘. സംസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കേറിയ സ്റ്റേഷനായ മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനൽസിലാണ് 2015 മുതൽ റെയിൽവേയുടെ പ്രത്യേക അനുമതിയോടെ മെഗാപൂക്കളം ഒരുക്കിവരുന്നത് .ഓരോ മിനിറ്റിലും ഏകദേശം എണ്ണുറോളം പേർ എത്തി ച്ചേരുന്ന സ്റ്റേഷനാണിത് .. അതുകൊണ്ടു തന്നെ ഏറ്റവും കൂടുതൽ സന്ദർശകർ കണ്ടതും ഏറ്റവും കൂടുതൽപേർ സെൽഫിയെടു ക്കുന്നതുമായ ലോകത്തിലെ ഒരേയൊരു പൂക്കളമായാണ് മദ്ധ്യ റെയിൽവേയും സംഘാടകരും മലയാളികളുടെ ഈ വർണ്ണ വിസ്‌മയത്തെ വിശേഷിപ്പിക്കുന്നത്. പ്രതിദിനം അമ്പത് ലക്ഷത്തോളംപേർ സിഎസ് റ്റി സ്‌റ്റേഷൻ വഴി യാത്രചെയ്യുന്നുണ്ട് എന്നാണ് റെയിൽവേ വൃത്തങ്ങൾ പറയുന്നത്
സെപ്തംബർ 14 ന് ഉച്ചയ്ക്ക് ശേഷം പൂക്കളമൊരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും . തിരുവോണ ദിനമായ 15ന് രാവിലെ ഏഴു മണി മുതൽ ജനങ്ങൾക്ക് കാണുവാനുള്ള സൗകര്യം ഉണ്ടായിരിക്കും.16 നുശേഷം മാത്രമേ പൂക്കളം നീക്കം ചെയ്യുകയുള്ളൂ.
2008 ലെ ഭീകരാക്രമണത്തിൽ CST യിൽ ഇരയാക്കപ്പെട്ടവർക്കുള്ള സ്മരണാജ്ഞലി ആയാണ് ഓരോ വർഷവും ഇത് സമർപ്പിക്കുന്നത് എന്ന് ‘അമ്മ’യുടെ പ്രസിഡന്റും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ജോജോതോമസ് അറിയിച്ചു .

പൻവേൽ സ്റ്റേഷനിൽ കെ.സി.എസ് പൂക്കളം

കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേലിൻ്റെ തിരുവോണപ്പൂക്കളം പൻവേൽ റെയിൽവേ സ്റ്റേഷനിൽ ഒരുങ്ങും. കഴിഞ്ഞ 15 വർഷമായി യാത്രക്കാരെ ഏറെ ആകർഷിപ്പിച്ചുകൊണ്ടാണ് പൻവേലിലെ മലയാളികൂട്ടായ്മയായ കെസിഎ ഇവിടെ പൂക്കളം തയ്യാറാക്കുന്നത്. തിരുവോണ നാളിന് തലേ ദിവസം രാവിലെ 09:00 മണി മുതൽ ഒരുക്കങ്ങൾ ആരംഭിക്കും…സംഘടനയിലെ അംഗങ്ങളും മറ്റു സൗഹൃദ കുടുംബങ്ങളും ചേർന്നുകൊണ്ടാണ് ഈ പൂക്കളമൊരുക്കുന്നത്. 15 ന് ഞായറാഴ്ച്ച തിരുവോണ പുലരിയിൽ രാവിലെ 08:30 മണിയോടുകൂടി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും, റെയിൽവേ ഉന്നതാധികാരികളുടെയും, സാന്നിധ്യത്തിൽ ഭദ്രദീപം കൊളുത്തി പൂക്കളത്തിൻ്റെ പ്രദർശനോദ്ഘാടനം നിർവ്വഹിക്കും. ശേഷം തുടർച്ചയായി മൂന്ന് ദിവസം (15,16,17 എന്നി ദിവസങ്ങളിൽ) പൊതുജനങ്ങൾക്ക് പൂക്കളം കാണുന്നതിനുള്ള അവസരം ലഭിക്കുന്നതായിരിക്കുമെന്ന് സംഘടനയുടെ പ്രസിഡന്റ് മനോജുകുമാർ ,സെക്രട്ടറി മുരളി കെ നായർ എന്നിവർ അറിയിച്ചു .

സീവുഡ്സ് മലയാളി സമാജം ‘നെക്സസ് മാളി’ൽ പൂക്കളമൊരുക്കുന്നു.

തിരുവോണ ദിനത്തിൽ വിവിധ കലാപരിപാടികളോടൊപ്പം ഭീമൻ പൂക്കളം കാണാനുള്ള അവസരം സീവുഡ്സ് മലയാളി സമാജം ഒരുക്കുന്നു. സെപ്റ്റംബർ 14 ന് സീവുഡ് നെക്സസ് മാളിൽ ‘ഓണം ഓപ്പുലൻസ് ‘എന്നപേരിൽ അണിയിച്ചൊരുക്കുന്ന ആഘോഷ പരിപാടിയിൽ മെഗാ പൂക്കളവും , ഓണ ഐതിഹ്യങ്ങളെ ആസ്പദമാക്കിയുള്ള ദൃശ്യാവിഷ്ക്കാരങ്ങളും കഥകളി, തെയ്യം, മവേലിയുടെ വരവ് , ചെണ്ടമേളം, തിരുവാതിരക്കളി, മോഹിനിയാട്ടം എന്നിവയും അവതരിപ്പിക്കപ്പെടും. ഓണത്തോടൊപ്പം കേരള സംസ്ക്കാര തനിമയേയും മറുഭാഷക്കാർക്ക് പരിചിതമാക്കുന്ന രീതിയിലാണ് പരിപാടി ഒരുക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു. പൂക്കളമൊരുക്കുന്നത് സമാജത്തിന്റെ നൂറിൽപരം കലാകാരന്മാരാണ്. നെക്സസ് മാളുമായിചേർന്നുകൊണ്ടാണ് സീവുഡ്‌ സമാജം ഈ മലയാളിപ്പെരുമ ഏവർക്കുമായി ഒരുക്കുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *