എഴുത്തുകാരൻ ഓംചേരി എന്‍.എന്‍ പിള്ള അന്തരിച്ചു.

0

 

 

വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പി ക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മഹാപ്രതിഭ..!

ന്യൂഡല്‍ഹി: പ്രമുഖ സാഹിത്യകാരന്‍ പ്രൊഫ. ഓംചേരി എന്‍.എന്‍ പിള്ള (100) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഡല്‍ഹിയിലെ സെന്റ് സെന്റ് സ്റ്റീഫന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാള സാഹിത്യത്തിനും ആധുനിക മലയാള നാടക പ്രസ്ഥാനത്തിനും വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള എഴുത്തുകാരനാണ് പ്രൊഫ. ഓംചേരി എന്‍.എന്‍ പിള്ള. 76 വര്‍ഷത്തിലെറെയായി ഡല്‍ഹിയിലായിരുന്നു താമസം. കവിതയും ഗദ്യസാഹിത്യവും നാടകവുമുള്‍പ്പടെ നിരവധി കൃതികളുടെ കര്‍ത്താവുമാണ്.

കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്. ‘ആകസ്മികം’ എന്ന ഓർമ്മകുറിപ്പിനാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമാക്കിയത് . 2022 ൽ പ്രഥമ കേരള പ്രഭ പുരസ്ക്കാരം നേടി.

1951-ല്‍ ഡല്‍ഹി ആകാശവാണിയില്‍ മലയാളം വാര്‍ത്താ വിഭാഗത്തില്‍ ജീവനക്കാരനായി ഡല്‍ഹിയില്‍ എത്തി. പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റര്‍, പ്രചരണ വിഭാഗം ഉദ്യോഗസ്ഥന്‍ എന്നീ ചുമതലകള്‍ വഹിച്ചു. ലോക്‌സഭയില്‍ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. ഈ വെളിച്ചം നിങ്ങളുടേതാകുന്നു എന്ന നാടകത്തില്‍ അഭിനയിച്ചത് എംപിമാരായിരുന്ന കെസി ജോര്‍ജ്, പി ടി പുന്നൂസ്, ഇമ്പിച്ചി ബാവ, വി പി നായര്‍ തുടങ്ങിയവരാണ്. 9 മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും ഓംചേരി മലയാളത്തിന് സമ്മാനിച്ചു.1963-ല്‍ എക്‌സിപിരിമെന്റല്‍ തീയറ്റര്‍ രൂപീകരിച്ചു. ‘ചെരിപ്പു കടിക്കില്ല’ എന്ന നാടകത്തില്‍ നടന്‍ മധുവും അഭിനയിച്ചിരുന്നു.. 1972 ല്‍ ‘പ്രളയം’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുരസ്‌ക്കാരവും ലഭിച്ചു. 2010 ലാണ് സമഗ്ര സംഭാവനയ്ക്കുള്ളകേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചത്. എഴുത്തിനും സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും പുറമെ ഡല്‍ഹി ഭാരതീയ വിദ്യാഭവനില്‍ കമ്മ്യൂണിക്കേഷന്‍ മാനേജ്‌മെന്റ് കോളേജിന്റെ പ്രിന്‍സിപ്പാള്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരിയായിരുന്നു ഓംചേരി. പരേതയായ ഡോ. ലീല ഓംചേരിയാണ് ഭാര്യ.

സംസ്കാരകർമ്മങ്ങൾ നവം.24ന് വൈകുന്നേരം മൂന്നു മണിക്ക്  ഡൽഹിയിലെ ലോധി റോഡ്‌ ശ്‌മശാനത്തിൽ നടക്കും.

ഓംചേരിയുടെ വിടവാങ്ങലിലൂടെ , മലയാള സാഹിത്യത്തിനും ആധുനിക നാടകപ്രസ്ഥാനത്തിനും നിരവധി സംഭാവനകൾ നൽകിയ ഒരു മഹാപ്രതിഭയയെ ആണ് നഷ്ടമായിരിക്കുന്നത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *