ഓച്ചിറ കാളകെട്ട്, അല്ലെങ്കിൽ കാലവേല,

ബിജു വിദ്യാധരൻ
കൊല്ലം : ഓച്ചിറ കാളകെട്ട്, അല്ലെങ്കിൽ കാലവേല, ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ 28-ാം ഓണത്തോടനുബന്ധിച്ച് നടത്തുന്ന ഒരു പ്രസിദ്ധമായ ഉത്സവമാണ്. വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ ‘കെട്ടുകാളകൾ’ എന്നറിയപ്പെടുന്ന വലിയ കാള രൂപങ്ങൾ നിർമ്മിച്ച് ക്ഷേത്ര മൈതാനത്ത് കൊണ്ടുവരുന്നു, ഇത് കാർഷിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. മികച്ച കലാസൃഷ്ടികൾ തയ്യാറാക്കുന്നതിൽ ഈ പ്രദേശങ്ങൾ തമ്മിൽ മത്സരിക്കുന്നു, കൂടാതെ ‘നന്തികേശൻ’ എന്നാണ് ഈ കാള രൂപങ്ങൾ അറിയപ്പെടുന്നത് ഒരു ജോടി കാളകളുടെ രൂപങ്ങൾ കെട്ടിയുണ്ടാക്കി അതിനെ ഓച്ചിറ ക്ഷേത്രപരിസരത്ത് നിരത്തി വെച്ചു കൊണ്ടാണ് ഈ ആഘോഷം കൊണ്ടാടുന്നത്. ഇങ്ങനെ കെട്ടിയുണ്ടാക്കുന്ന കാളരൂപങ്ങളെ കെട്ടുകാളകൾ എന്നും പറയുന്നു. വൈവിദ്ധ്യമാർന്ന വലിപ്പങ്ങളിലുള്ള കാളകളെ ഈ സമയത്ത് മൈതാനത്ത് നിരത്താറുണ്ട്. ഓണാട്ടുകരയിലെ 52 കരക്കാരുടെ വകയായാണ് ഓരോ കാളയും നിരക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കാളകെട്ടുത്സവം എന്നു പറയാവുന്നതാണ് ഈ ആഘോഷം.
കാളകളുടെ നിർമ്മാണം
കാളകളുടെ തലമാത്രമാണ് സ്ഥിരമായി ഉണ്ടാകാറുള്ളത്. ഓരോ തലയ്ക്കും വേണ്ട ഉടലുകൾ വർഷാവർഷം ഓരോ കരക്കാരുടേയും കാളകെട്ട് സമിതികളുടേയും ഇഷ്ടാനുസാരം കെട്ടിയുണ്ടാക്കുകയാണ് പതിവ്. ചട്ടത്തിൽ വൈക്കോലും മറ്റും കൊണ്ട് വെട്ടിയുണ്ടാക്കുന്ന ഉടലിന്റെ മുകളിൽ തലപിടിപ്പിച്ചാണ് കാളകളെ കെട്ടിവലിച്ചു കൊണ്ടു വരുക. ഏറ്റവും വലിയ കാളകൾക്ക് ടൺ കണക്കിന് ഭാരം ഉണ്ടാകാറുണ്ട്. എന്നാൽ കൈവെള്ളയിൽ ഒതുങ്ങുന്ന തരത്തിലുള്ളവയും ഉണ്ട്. സാധാരണയായി ഒരു കാളക്ക് വെള്ള നിറവും മറ്റേതിന് ചുവപ്പുമാണ് കൊടുക്കാറുള്ളത്. തുണിയുടെ പുറത്തു കൂടി കഴുത്തിൽ മണികൾ കെട്ടിത്തൂക്കുകയും ജീവത, നെറ്റിപ്പട്ടം, വെൺചാമരം തുടങ്ങിയ അലങ്കാരങ്ങളും മാലകളും മറ്റും അണിയിക്കുകയും ചെയ്യുന്നു. ഓരോ കരക്കാരും മത്സരബുദ്ധിയോടെ കാളകളെ അണിയിച്ചൊരുക്കുകയും ചെണ്ട-പഞ്ചാരി-പാണ്ടി മേളങ്ങളും മറ്റുമായി ആഘോഷപൂർവ്വം ക്ഷേത്രത്തിലേക്ക് ആനയിച്ചുകൊണ്ടു വരുന്ന കാളകൾക്ക് മത്സരത്തിന്റെ രീതിയിൽ സമ്മാനം കൊടുക്കുന്ന പതിവും ഉണ്ട്.