നഴ്സിങ് വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; ക്രൂരകൃത്യം മഹാരാഷ്ട്രയിൽ, പ്രതിഷേധം
മുംബൈ: മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നഴ്സിങ്വിദ്യാര്‍ഥിനിയെ ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചുവെന്ന് പരാതി. മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയതിന് ശേഷം 19-കാരിയായ വിദ്യാര്‍ഥിനിയെ ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച പരാതി പോലീസിന് ലഭിച്ചത്.
കോളേജില്‍നിന്ന് ഓട്ടോയില്‍ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു പെണ്‍കുട്ടി. ഇതിനിടെ ഓട്ടോഡ്രൈവര്‍ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം പെണ്‍കുട്ടിക്ക് നല്‍കി. പിന്നീട്, ബോധരഹിതയായ കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിനി നിലവില്‍ ചികിത്സയിലാണ്.
അക്രമത്തിന് പിന്നാലെ ഓട്ടോ ഡ്രൈവര്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ബോധം തിരികെ വന്നതോടെ വിദ്യാര്‍ഥിനി തന്നെ വീട്ടില്‍ വിളിച്ച് കാര്യങ്ങള്‍ പറയുകയായിരുന്നു. സി.സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രത്‌നഗിരിയില്‍ വന്‍ പ്രതിഷേധമാണ്. വിവിധ സ്ഥലങ്ങളില്‍ ജനം റോഡ് ഉപരോധിച്ചു.