ജാമ്യം ലഭിച്ച കന്യാസ്ത്രീകൾക്ക് മാധ്യമങ്ങളോട് സംസാരിക്കാൻ വിലക്ക്

റായ്പുര്‍: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ബിലാസ്പുര്‍ എന്‍ഐഎ കോടതിയുടെ ഉത്തരവിന്‍റെ പകര്‍പ്പ് പുറത്ത്. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മനുഷ്യക്കടത്ത് അല്ലെന്ന സത്യവാങ് മൂലം നൽകിയെന്ന് കോടതി ഉത്തരവിലുണ്ട്.
രണ്ട് പെണ്‍കുട്ടികളും കുട്ടിക്കാലം മുതൽ ക്രിസ്തുമതത്തിൽ വിശ്വസിക്കുന്നവരാണെന്നും അറിയിച്ചുവെന്നും എന്‍ഐഎ സാങ്കേതികമായി ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നുവെന്നും ഉത്തരവിൽ പറയുന്നു.പ്രതികളെ തുടർന്നും കസ്റ്റഡിയിൽ വെക്കേണ്ടതിന് ആവശ്യമായ ഒരു തെളിവും അന്വേഷണ ഏജൻസിക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.അപേക്ഷകര്‍ക്ക് സാധാരണ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ജാമ്യ ഉത്തരവ് കേസിന്‍റെ മെറിറ്റിനെക്കുറിച്ചുള്ള വിലയിരുത്തലായി കണക്കാക്കരുതെന്നും മെറിറ്റ് പിന്നീട് പരിശോധിക്കുമെന്നും കോടതി ജാമ്യ ഉത്തരവിൽ വ്യക്തമാക്കി. ഉപാധികളോടെയാണ് രണ്ട് കന്യാസ്ത്രീകള്‍ക്കും ജാമ്യം അനുവദിച്ചത്. കന്യാസ്ത്രീകൾക്ക് മാധ്യമങ്ങളോട് സംസാരിക്കാൻ വിലക്കുണ്ട്. കേസിനെക്കുറിച്ച് പ്രസ്താവനകൾ നടത്തുന്നതിനലാണ് വിലക്കുള്ളത്. താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ രണ്ടാഴ്ചയിലൊരിക്കൽ ഹാജരാകണമെന്നും കോടതി ഉത്തരവിലുണ്ട്. സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും കോടതി ഉത്തരവിലുണ്ട്