കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; കേസ് ഇനി എൻഐഎ കോടതിയിലേക്ക്

റായ്‌പൂർ: ഛത്തീസ്‌ഗഡിലെ ദുർഗിൽ വച്ച് മനുഷ്യക്കടത്ത് ആരോപിച്ച് കഴിഞ്ഞ ജൂലൈ 25 ന് അറസ്റ്റിലായ കണ്ണൂർ തലശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരിയുടേയും ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. കേസ് സെഷൻസ് കോടതിയുടെ കീഴിൽ വരുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചിരുന്നു. ബജ്‌റംഗ്‌ദള്‍ വാദത്തെ അനുകൂലിച്ചായിരുന്നു ഛത്തീസ്‌ഗഢിലെ ബിജെപി സര്‍ക്കാര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടത്.
10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മനുഷ്യക്കടത്ത് ഉള്‍പ്പെടെ വകുപ്പുകളുള്ള കേസുകള്‍ ഇനി എൻഐഎ കോടതിയിലാണ് പരിഗണിക്കുക. മതപരിവർത്തനമോ മനുഷ്യക്കടത്തോ നടന്നിട്ടില്ലെന്നും, ജോലി ചെയ്‌ത് ജീവിക്കാനായി ഭരണഘടന നൽകുന്ന അവകാശമാണു കന്യാസ്‌ത്രീകള്‍ ഉപയോഗിച്ചതെന്നും ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരുന്നു. എന്നാൽ കേസ് പരിഗണിച്ചപ്പോൾ തന്നെ, തങ്ങൾക്ക് ഈ കേസ് പരിഗണിക്കാൻ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് അപേക്ഷ തള്ളുകയായിരുന്നു.
കന്യാസ്‌ത്രീകള്‍ക്ക് ജാമ്യം നല്‍കിയാല്‍ മതപരിവര്‍ത്തനം ആവര്‍ത്തിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു. ജാമ്യാപേക്ഷ കേള്‍ക്കാൻ വിസമ്മതിച്ച സെഷൻസ് കോടതി, മനുഷ്യക്കടത്ത് ഉള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയിരിക്കുന്നതിനാൽ ബിലാസ്‌പൂരിലെ എൻഐഎ കോടതിയെ സമീപിക്കാനും നിർദേശിച്ചിട്ടുണ്ട്.
ഛത്തീസ്‌ഗഡിലെ ദുർഗിൽ അഞ്ച് ദിവസമായി ജയിൽ കഴിയുകയാണ് കേരളത്തിൽ നിന്നുള്ള കന്യാസ്‌ത്രീകള്‍. സെഷൻസ് കോടതി കേസ് പരിഗണിക്കാത്ത സാഹചര്യത്തിൽ ഇരുവരും ജയിലിൽ തന്നെ തുടരും. പ്രീതി മേരിയുടെയും വന്ദന ഫ്രാൻസിസിൻ്റെയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. കേസിൽ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ അധികാരപരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മജിസ്ട്രേറ്റ് കോടതിയും കേസ് തള്ളിയത്. ഇതിനെ തുടർന്നാണ് സെഷൻസ് കോടതിയെ സമീപിച്ചത്.