UPI സേവനം UAEയിലും വ്യാപിപ്പിക്കാനൊരുങ്ങി NPCI
ന്യൂഡല്‍ഹി: ജോലിക്കും മറ്റാവശ്യങ്ങൾക്കുമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യൻ പ്രവാസികള്‍ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നത്തിന് പരിഹാരമാകുന്നു.
യുപിഐ സേവനം ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഇന്ത്യക്കാർക്ക് സഹായകമാകുന്ന പുതിയൊരു പദ്ധതിയുമായിട്ടാണ് ഇപ്പോള്‍ ഇന്‍റര്‍നാഷണൽ പേയ്‌മെന്‍റ് ലിമിറ്റഡ് (എൻഐപിഎൽ) രംഗത്തെത്തിയിരിക്കുന്നത്. NPCI ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത UPI(ഉപയോക്താക്കൾക്ക് തത്സമയം പണം അയയ്‌ക്കാനും സ്വീകരിക്കാനും അനുവദിക്കുന്ന സംവിധാനം ) വിദേശരാജ്യങ്ങളിൽ ഉപയോഗിക്കാൻ സാധിക്കാത്തത് ഇന്ത്യക്കരെ ഏറെക്കാലമായി ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു.
നിരവധി ഇന്ത്യൻ പ്രവാസികള്‍ താമസിക്കുന്ന യുഎഇയില്‍ യുപിഐ സംവിധാനം വ്യാപകമാക്കുമെന്ന് എൻഐപിഎൽ അറിയിച്ചിരിക്കയാണ്.. ഇതിന്‍റെ ഭാഗമായി യുഎഇ ആസ്ഥാനമായുള്ള പേയ്‌മെന്‍റ് സൊല്യൂഷൻ ദാതാവായ മാഗ്നാറ്റിയുമായി ഇന്‍റർനാഷണൽ പേയ്‌മെന്‍റ്സ് ലിമിറ്റഡ് കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്.
പശ്ചിമേഷ്യയില്‍ യുപിഐ പേയ്‌മെന്‍റ് വ്യാപകമാക്കുന്നതിന്‍റെ ഭാഗമായാണ് യുഎഇയിലും കൂടുതല്‍ ഇടങ്ങളില്‍ ഈ സംവിധാനം കൊണ്ടുവരുന്നതെന്നും എൻഐപിഎൽ അറിയിച്ചു.ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും പ്രവാസികള്‍ക്കും UPI സേവനം നല്‍കാൻ കൂടുതൽ വ്യാപാരികളെ പ്രാപ്‌തമാക്കുകയും യുഎഇയിൽ QR അധിഷ്‌ഠിത സാമ്പത്തിക ക്രയവിക്രയ ശൃംഖല വികസിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) അന്താരാഷ്‌ട്ര വിഭാഗമായ NIPL പ്രസ്‌താവനയില്‍ പറയുന്നു.
ഇനി ദുബായിലേക്കും യുഎഇയിലേക്കും പ്രതിവർഷം യാത്ര ചെയ്യുന്ന 12 ദശലക്ഷത്തിലധികം ഇന്ത്യക്കാർക്ക് യുപിഐ സേവനം ഉപയോഗിക്കാൻ സാധിക്കും. ദുബായ് ഡ്യൂട്ടി ഫ്രീയിലാകും യുപിഐ സേവനം ആദ്യം ലഭ്യമാകുക. തുടര്‍ന്ന് മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് ഉള്‍പ്പെടെ ഇത് വ്യാപിപ്പിക്കും.റീട്ടെയിൽ, ഹോസ്‌പിറ്റാലിറ്റി, ഗതാഗതം, സൂപ്പർമാർക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന വ്യാപാര മേഖലകളിലും ഭാവിയില്‍ യുപിഎ സേവനം വിപുലീകരിക്കുെമന്നും ഇന്‍റർനാഷണൽ പേയ്‌മെന്‍റ്സ് ലിമിറ്റഡ് കൂട്ടിച്ചേര്‍ത്തു.