ഇനി PF തുക ATM വഴിയും …
ന്യൂഡല്‍ഹി; സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും മികവുറ്റതാക്കുന്നതിനുമായി സംവിധാനങ്ങള്‍ സാങ്കേതികമായി പരിഷ്‌കരിക്കാനൊരുങ്ങുകയാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം. ഇ.പി.എഫ്.ഒ ഗുണഭോക്താക്കളായിരിക്കും പരിഷ്‌കരണത്തിന്റെ ആദ്യ ഭാഗമാകുന്നത്. പി.എഫ് തുക എ.ടി.എം വഴി പിന്‍വലിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണ് തൊഴില്‍ മന്ത്രാലയം. ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിപ്പ്. എ.ടി.എമ്മില്‍ നിന്ന് പ്രോവിഡന്റ് ഫണ്ട് തുക പിന്‍വലിക്കാന്‍ എ.ടി.എം കാര്‍ഡ് മാതൃകയില്‍ കാര്‍ഡ് വിതരണം ചെയ്യും. പുതിയ സംവിധാനം നടപ്പിലായാല്‍ അപേക്ഷകളും രേഖകളും തയ്യാറാക്കി പി.എഫ് തുകയ്ക്ക് കാത്തിരിക്കേണ്ടി വരില്ല. പക്ഷെ അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ തുകയും പിന്‍വലിക്കാനാവില്ല. നിക്ഷേപത്തിന്റെ അമ്പത് ശതമാനമായിരിക്കും പിന്‍വലിക്കാന്‍ സാധിക്കുക. നിലവില്‍, ഇ.പി.എ.ഫ്ഒയ്ക്ക് 70 ദശലക്ഷത്തിലധികം നിക്ഷേപങ്ങളുണ്ട്. പി.എഫ് തുക പിന്‍വലിക്കല്‍ നിയമങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് പുതിയ പരിഷ്‌കരണം. ജോലിയിലായിരിക്കുന്ന ഘട്ടത്തില്‍ ജീവനക്കാര്‍ക്ക് പിഎഫ് തുക പിന്‍വലിക്കാന്‍ കഴിയില്ല.എന്നാല്‍ പി.എഫ് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന തുക വര്‍ധിപ്പിക്കും. തൊഴിലാളികള്‍ക്ക് താത്പര്യമുള്ള തുക നിക്ഷേപിക്കാവുന്നതാണ്.