ഇന്ന് ചാച്ചാജിയുടെ ജന്മദിനം
ജവഹർലാൽ നെഹ്രു (നവംബർ 14, 1889 – മേയ് 27, 1964) ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്രു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ആശിസ്സുകളോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയായി മാറിയ ഇദ്ദേഹം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. സോഷ്യലിസത്തിലൂന്നിയ നെഹ്രുവിന്റെ രാഷ്ട്രീയദർശനങ്ങളാണ് നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്. അദ്ദേഹത്തിന്റെ ഏകമകൾ ഇന്ദിരാ ഗാന്ധിയും ചെറുമകൻ രാജീവ് ഗാന്ധിയും പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്.
ലണ്ടനിലെ പ്രശസ്തമായ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നുമാണ് നെഹ്രു ബിരുദം കരസ്ഥമാക്കിയത്. സർവ്വകലാശാലയിലെ ഇന്നർ ടെംപിളിൽ നിന്നും വക്കീൽ ആകുവാനുള്ള പരിശീലനവും നെഹ്രു പൂർത്തിയാക്കി. വിദ്യാഭ്യാസം കഴിഞ്ഞ് ഇന്ത്യയിലേക്കു തിരിച്ചു വന്ന നെഹ്രു അലഹബാദ് കോടതിയിൽ അഭിഭാഷകനായി ഉദ്യോഗം ആരംഭിച്ചു. ഇക്കാലയളവിൽ അദ്ദേഹത്തിന് രാഷ്ട്രീയത്തോടും താൽപര്യമുണ്ടായിരുന്നു. പതുക്കെ അഭിഭാഷകജോലി വിട്ട് നെഹ്രു മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് ചേക്കേറി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതി വെച്ചു പുലർത്തുന്നവരോടൊപ്പം നിൽക്കാനാണ് നെഹ്രു താൽപര്യപ്പെട്ടത്. തന്റെ മാർഗ്ഗദർശി കൂടിയായ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ അനുഗ്രഹത്തോടേയും, മൗനസമ്മതത്തോടേയും നെഹ്രു കോൺഗ്രസ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവായി മാറി. ബ്രിട്ടനിൽ നിന്നും ഇന്ത്യക്കു പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന് ജവഹർലാൽ ഉറക്കെ പ്രഖ്യാപിച്ചു.ഇടതുപക്ഷ പരമായ കോൺഗ്രസ്സിന്റെ നയങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു.
സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്തിൽ 1930 കളിൽ ഇന്ത്യൻ രാഷ്ട്രീയത്തെ മുന്നിൽ നിന്നു നയിച്ചത് കോൺഗ്രസ്സും അതിന്റെ തലവനായിരുന്ന ജവഹർലാൽ നെഹ്രുവുമായിരുന്നു. മതനിരപേക്ഷമായ ഒരു ഭാരതം എന്ന നെഹ്രുവിന്റെ ആശയങ്ങൾ 1937 ലെ പ്രൊവിൻഷ്യൽ തിരഞ്ഞെടുപ്പ് തൂത്തുവാരിയപ്പോഴെ ഏതാണ്ട് തെളിയിക്കപ്പെട്ടിരുന്നു. മുസ്ലീം ലീഗ് തിരഞ്ഞെടുപ്പിൽ അമ്പേ പരാജയമായിരുന്നു. എന്നാൽ 1942ലെ ക്വിറ്റ് ഇന്ത്യാ മുന്നേറ്റം അദ്ദേഹത്തിന്റെ സ്വപ്നങ്ങളെ ആകെ തകിടം മറിച്ചു. ബ്രിട്ടീഷുകാർ കോൺഗ്രസ്സിന്റെ ഒരു രാഷ്ട്രീയ സംഘടന എന്ന നിലയിൽ നിന്ന് തകർത്തുകളഞ്ഞിരുന്നു. ലോകമഹായുദ്ധസമയത്ത് സഖ്യശക്തികളെ ശക്തിപ്പെടുത്താനുദ്ദേശിച്ചിരുന്ന നെഹ്രൂ, ഗാന്ധിജിയുടെ പൂർണ്ണസ്വാതന്ത്ര്യം ഉടനെ വേണമെന്ന ആവശ്യം മനസ്സില്ലാമനസ്സോടെ കൈക്കൊണ്ടു എങ്കിലും ജയിലിലേക്ക് പോകേണ്ട അവസ്ഥ വന്നു. ഒരു നീണ്ട കാലത്തെ ജയിൽവാസത്തിനുശേഷം തികച്ചും പുതിയ രാഷ്ട്രീയ കാലാവസ്ഥയിലേക്കാണ് നെഹ്രു മടങ്ങി വന്നത്. മുസ്ലീം ലീഗും അതിന്റെ നേതാവ് , നെഹ്രു വെറുത്തു തുടങ്ങിയിരുന്ന മുഹമ്മദാലി ജിന്നയും അപ്പോഴേക്കും വളരെ പ്രധാനപ്പെട്ട ഒരു ശക്തിയായി മാറി മുസ്ലീം രാഷ്ട്രീയത്തെ ഗ്രസിച്ചുതുടങ്ങിയിരുന്നു. നെഹ്രുവും ജിന്നയും തമ്മിൽ അധികാരം പങ്കുവെക്കുന്നതിനേച്ചൊല്ലിയുള്ള തർക്കങ്ങൾ നിരാശാജനകമാകുകയും 1947ൽ ഇന്ത്യയെ രക്തരൂക്ഷിതമായ പിളർപ്പിലേക്കു നയിക്കുകയും ചെയ്തു
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി നെഹ്രുവിനെ കോൺഗ്രസ് തിരഞ്ഞെടുത്തുകഴിഞ്ഞിരുന്നു. ഗാന്ധി തൻറെ രാഷ്ട്രീയ പിൻഗാമിയായി നെഹ്രുവിനെ കണ്ടുതുടങ്ങിയ 1941 ലേ തന്നെ നേതൃത്വത്തിന്റെ വിഷയത്തിൽ തീരുമാനമായിരുന്നു.പ്രധാനമന്ത്രി എന്ന നിലയിൽ ഭാവി ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കി തീർക്കാനുള്ള ഒരു പദ്ധതി നെഹ്രു ആവിഷ്കരിച്ചു. സാമൂഹിക,സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് നവീകരണപദ്ധതികൾ നെഹ്രു നടപ്പിലാക്കുകയുണ്ടായി.നെഹ്രുവിന്റെ നേതൃത്വകാലത്ത് കോൺഗ്രസ്സ് ഒരു വൻ രാഷ്ട്രീയപാർട്ടിയായി മാറി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നു പൊതുതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് വിജയം കൈവരിച്ചു. ലോകോത്തരനിലവാരത്തിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഇന്ത്യയുടെ ബഹിരാകാശ പദ്ധതി, ഇംഗ്ലീഷ് ഭാഷയുടെ വ്യാപകമായ പ്രചാരം എന്നിവയിലെല്ലാം നെഹ്രുവിന്റെ ദീർഘവീക്ഷണങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും കാണാവുന്നതാണ്. കോളനി വാഴ്ചയിൽ നിന്നും ഇന്ത്യക്കൊപ്പം മോചിതമായ മറ്റു പല രാജ്യങ്ങളും സ്വേഛാധിപത്യത്തിന്റെ പിടിയലമർന്നപ്പോഴും ഇന്ത്യയിൽ ജനാധിപത്യം കരുത്തോടെ തഴച്ചുവളർന്നത് ജവഹർലാൽ നെഹ്രുവിന്റെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കാവുന്നതാണ്. അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 രാജ്യം ശിശുദിനമായി ആഘോഷിക്കുന്നു