‘ഒന്നല്ല, രണ്ടുവട്ടം ആർഎസ്എസ് നേതാക്കളെ കണ്ടു, എന്തിനാണെന്ന് ആർക്കുമറിയില്ല; അജിത്കുമാർ മാറിയേ തീരൂ’
കോട്ടയം∙ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആർ.അജിത് കുമാറിനെ സ്ഥാനത്തുനിന്നും മാറ്റിയേ തീരൂ എന്ന കടുത്ത നിലപാടുമായി സിപിഐ. എൽഡിഎഫ് സർക്കാർ നിയമിച്ച ഉന്നത ഉദ്യോഗസ്ഥന് ആർഎസ്എസ് ബന്ധം പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐ കോട്ടയം ജില്ലാ നേതൃക്യാംപിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം.
‘‘ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥന് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ല. ഒരുവട്ടമല്ല, രണ്ടുവട്ടം എന്തിനാണെന്ന് ആർക്കും അറിയാത്ത കാരണങ്ങളാൽ, അറിയപ്പെടുന്ന ആർഎസ്എസ് നേതാക്കളെ എം.ആർ.അജിത്കുമാർ കണ്ടു. എൽഡിഎഫ് ഭരിക്കുമ്പോൾ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി ഇരിക്കാൻ അദ്ദേഹം അർഹനല്ല. ഇതാണ് സിപിഐ നിലപാട്. ഉറച്ച നിലപാടാണ്. എഡിജിപിയുടെ ചുമതല വഹിക്കാൻ ആർഎസ്എസ് ബന്ധമുള്ള ഉദ്യോഗസ്ഥന് അർഹതയില്ല. അദ്ദേഹം മാറിയേ തീരൂ’’–ബിനോയ് വിശ്വം പറഞ്ഞു.
പി.വി.അൻവറിനെതിരായ സിപിഎമ്മിന്റെ പ്രകോപനപരമായ മുദ്രാവാക്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്, കൈയ്യും കാലും വെട്ടുമെന്ന ശൈലി കമ്മ്യൂണിസ്റ്റ് ശൈലിയല്ലെന്നും ആശയത്തെ എതിർക്കേണ്ടത് ആശയം കൊണ്ടാണെന്നുമായിരുന്നു മറുപടി.