യുഎസ് പറയുന്നതുപോലെയല്ല ഇസ്രയേലിന്റെ നീക്കങ്ങൾ: ഇറാൻ ആക്രമണത്തിൽ ബെന്യമിൻ നെതന്യാഹു
ജറുസലം∙ ഇറാനു നേരെ ഇസ്രയേൽ ആക്രമണം നടത്തിയത് ദേശീയ താൽപര്യങ്ങൾ അടിസ്ഥാനമാക്കിയാണെന്നും യുഎസ് നിർദേശ പ്രകാരമല്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. അത് എപ്പോഴും അങ്ങനെയായിരുന്നുവെന്നും അതങ്ങനെ തന്നെ തുടരുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. യുഎസിന്റെ സമ്മർദപ്രകാരമാണ് ഇറാനിലെ ആണവ കേന്ദ്രങ്ങളും എണ്ണ സംഭരണികളും ഇസ്രയേൽ ആക്രമിക്കാതിരുന്നതെന്നുള്ള മാധ്യമ വാർത്തകളെയും നെതന്യാഹുവിന്റെ ഓഫിസ് നിഷേധിച്ചു.
ഇറാന്റെ ആണവ മേഖലകളിൽ ആക്രമണം നടത്തരുതെന്ന് ഇസ്രയേലിന് മേൽ സമ്മർദം ചെലുത്തിയിരുന്നതായി യുഎസ് അവകാശപ്പെട്ടിരുന്നു. സൈനിക കേന്ദ്രങ്ങളിൽ മാത്രമാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നും ഇതോടെ സംഘർഷത്തിന് അന്ത്യമാകുമെന്നുമാണ് പ്രതീക്ഷയെന്നും കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. ഇറാനിലെ മിസൈൽ ഫാക്ടറികൾക്കും മറ്റു പ്രദേശങ്ങൾക്കും നേരെ പുലർച്ചയ്ക്കു മുൻപായി മൂന്നു ഘട്ടമായാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.