കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി മറിയക്കുട്ടി

ഇടുക്കി : ഇടുക്കി അടിമാലി 200 ഏക്കറിലെ മറിയക്കുട്ടിയാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത് . വീട് വച്ചുതന്നതിനുശേഷം ഒരു നേതാവ് പോലും തിരിഞ്ഞു നോക്കിയില്ലെന്ന് മറിയക്കുട്ടി ആരോപിക്കുന്നു . പ്രാദേശിക കോൺഗ്രസ് നേതൃത്വം നേതാക്കളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു . കടുത്ത അവഗണന കൊണ്ടാണ് താൻ ബിജെപി അംഗത്വം എടുത്തതെന്നും മറിയക്കുട്ടി വ്യക്തമാക്കി.
സംസ്ഥാന സർക്കാരിനെതിരെ ക്ഷേമ പെൻഷൻ മുടങ്ങിയതിൽ രൂക്ഷ വിമർശനമുയർത്തി ശ്രദ്ധ നേടിയ അടിമാലി സ്വദേശി മറിയക്കുട്ടി ബിജെപിയിൽ ചേർന്നിരുന്നു. വികസിത കേരളം കൺവൻഷന്റെ ഭാഗമായി തൊടുപുഴയിൽ നടന്ന പരിപാടിയിൽ മറിയക്കുട്ടി വേദിയിലെത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറിയക്കുട്ടിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഈ സമയത്താണ് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചതായി ബിജെപി പ്രഖ്യാപിച്ചത്. നേരത്തെ കെപിസിസി മറിയക്കുട്ടിക്ക് വീട് നിർമിച്ചു നൽകിയിരുന്നു.
സിപിഎം പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഭീഷണി ഉണ്ടായപ്പോൾ പോലും കോൺഗ്രസ് തിരിഞ്ഞു നോക്കിയില്ലെന്നും ബിജെപിയിൽ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും മറിയക്കുട്ടി പറഞ്ഞു. തനിക്കൊപ്പം നിൽക്കാൻ ഒരുപാട് ആളുകൾ ഉണ്ടെന്നും മറിയക്കുട്ടി പറഞ്ഞു.