ഉത്തരേന്ത്യയില്‍ അതിശൈത്യം: ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട്, വിമാനങ്ങള്‍ റദ്ദാക്കി

0

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം അതിരൂക്ഷമായി തുടരുന്നു. ഡല്‍ഹിയില്‍ പലയിടങ്ങളിലും കാഴ്ച പരിധി പൂജ്യമായി മാറി. ഇതോടെ ജനജീവിതം ദുസ്സഹമായി മാറുകയാണ്.കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു കഴിഞ്ഞു. കനത്ത പുകമഞ്ഞ് വ്യോമ-റെയില്‍ ഗതാഗതങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കാഴ്ച പരിധി പൂജ്യമായി.

ഡല്‍ഹി വിമാനത്താവളത്തില്‍ 30 വിമാന സര്‍വീസുകളാണ് ശനിയാഴ്ച മാത്രം റദ്ദാക്കിയത്. ദില്ലിയില്‍ ഇറങ്ങേണ്ടിയിരുന്ന 15 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. 150 ലേറെ വിമാനങ്ങള്‍ വൈകുകയും ചെയ്തു. അമൃത്സര്‍, ഗുവാഹത്തി വിമാനത്താവളങ്ങളിലും മൂടല്‍ മഞ്ഞ് സര്‍വീസുകളെ ബാധിച്ചു. നിരവധി ട്രെയിനുകളും വൈകിയോടുകയാണ്. ഡല്‍ഹിയിലാകട്ടെ വായുമലിനീകരണവും രൂക്ഷമാണ്. 385 ആണ് വായുമലിനീകരണസൂചികയില്‍ ഇന്നലെ രേഖപ്പെടുത്തിയ ശരാശരി.

അതേസമയം ജമ്മു കശ്മീരില്‍ കനത്ത മഞ്ഞു വീഴ്ചയും മൂടല്‍മഞ്ഞും കാരണം സൈനിക വാഹനം റോഡില്‍ നിന്ന് തെന്നി താഴ്ചയിലേക്ക് മറിഞ്ഞ് 4 സൈനികര്‍ വീരമൃത്യു വരിച്ചു. ഹരിയാനയിലും, പഞ്ചാബിലും മൂടല്‍മഞ്ഞ് കാഴ്ച മറച്ചതിനെ തുടര്‍ന്ന് 2 അപകടങ്ങളിലായി 7 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഉത്തരാഖണ്ഡിലും, ഹിമാചല്‍ പ്രദേശിലും, ജമ്മു കശ്മീരിലും കനത്ത മഞ്ഞു വീഴ്ചയാണ്. -3 മുതല്‍ -6 വരെയാണ് ഇവിടങ്ങളിലെ താപനില.

മൂടല്‍ മഞ്ഞു മൂലം കാഴ്ച പരിധി പൂജ്യമായതോടെ, 30 ഓളം വിമാന സര്‍വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. 400 ഓളം വിമാനങ്ങള്‍ വൈകിയതായും, നിരവധി വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടതായും വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയില്‍ പുലര്‍ച്ചെ 12 നും 1. 30 നും ഇടയില്‍ മാത്രം 19 വിമാനങ്ങളാണ് വഴി തിരിച്ചു വിട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *