ഉഷ്ണതരംഗത്തിൽ ഉത്തരേന്ത്യയിൽ 54 മരണം; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി
 
                ന്യൂഡൽഹി: കടുത്ത ഉഷ്ണ തരംഗം മൂലം രാജ്യത്ത് വിവിധ പ്രദേശങ്ങളിലായി 54 പേർ മരിച്ചതായി റിപ്പോർട്ട്. മധ്യ, കിഴക്കൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ കണക്കിലെടുത്താണ് ദേശീയ മാധ്യമങ്ങൾ മരണ സംഖ്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിഹാറിൽ 32, ഒഡിഷയിൽ 12,രാജ്സ്ഥാനിൽ 5, ത്സാർഖണ്ഡിൽ 4, ഉത്തർ പ്രദേശിൽ 1 എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്കുകൾ.
പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഡ്, ഡൽഹി, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ബിഹാർ, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ മേയ് 31-നും ജൂൺ ഒന്നിനും കടുത്ത ഉഷ്ണതരംഗമുണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. മാത്രമല്ല ഇതിന് ശേഷം ചൂട് കുറഞ്ഞേക്കാമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് ഇതൊരു ദേശീയ ദുരന്തമാക്കി മാറ്റണമെന്ന് രാജസ്ഥാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കടുത്ത ചൂടിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടു. ഉഷ്ണതരംഗം മൂലം നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഉഷ്ണതരംഗത്തിൽ മരിച്ചവരുടെ കുടുംബത്തിന് കൃത്യമായ നഷ്ടപരിഹാരം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു

 
                         
                                             
                                             
                                             
                                         
                                         
                                         
                                        