സമാധാനപരമായ അധികാര കൈമാറ്റമെന്ന് ബൈഡന്റെയും ട്രംപിന്റെയും ഉറപ്പ്
സമാധാനപരമായ അധികാര കൈമാറ്റമെന്ന് ബൈഡന്റെയും ട്രംപിന്റെയും ഉറപ്പ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചതിന് പിന്നാലെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെത്തി നിലവിലെ പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തി. 2025 ജനുവരി 20ന് സമാധാനപരമായ അധികാര കൈമാറ്റം ഇരു നേതാക്കളും രാജ്യത്തിന് ഉറപ്പ് നൽകി. ബുധനാഴ്ച വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച്ചക്കായി ബൈഡൻ ട്രംപിനെ ക്ഷണിച്ചിരുന്നു. അധികാരക്കൈമാറ്റം സുഗമമാക്കുമെന്നും ബൈഡൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ പ്രസിഡന്റിനെ നിയുക്ത പ്രസിഡന്റ് വൈറ്റ് ഹൗസിലെത്തി ചർച്ച നടത്തിയത്.
2020-ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അന്നത്തെ പ്രസിഡന്റ് ട്രംപ്, ജയിച്ച ബൈഡനെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചിരുന്നില്ല. ബൈഡന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.20 വർഷത്തിനിടെ ജനപ്രിയ വോട്ടുനേടി പ്രസിഡന്റാവുന്ന ആദ്യ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാണ് ട്രംപ്. 2004-ൽ ജോർജ് ബുഷിന് ശേഷം ആദ്യമായാണ് ഒരു റിപ്പബ്ലിക്കൻ സ്ഥാനാർഥി ഇലക്ടറൽ കോളേജിന് പുറമേ പോപ്പുലർ വോട്ടും നേടി പ്രസിഡന്റാവുന്നത്.
2016-ൽ ഇലക്ടറൽ കോളേജ് വോട്ടിന്റെ ബലത്തിലാണ് ട്രംപ് പ്രസിഡന്റായത്. പോപ്പുലർ വോട്ടുകളിൽ അന്ന് വിജയം എതിർ സ്ഥാനാർഥി ഹിലരി ക്ലിന്റണായിരുന്നു. ഇത്തവണ ഇലക്ടറൽ കോളേജ്- പോപ്പുലർ വോട്ടുകൾക്ക് പുറമേ സെനറ്റിലും പാർട്ടിക്ക് ഭൂരിുക്ഷം ഉറപ്പിച്ചാണ് ട്രംപ് പ്രസിഡന്റാവുന്നത്.