ജാട്ട് ഇതര വോട്ടുകൾ നഷ്ടപ്പെട്ടു, എല്ലാം ഹൂഡയിൽ ഒതുക്കിയ തന്ത്രവും പാളി; ഭരണവിരുദ്ധ വികാരം മുതലാക്കാനാകാതെ ഹരിയാന കോൺഗ്രസ്

0

ചണ്ഡിഗഡ് ∙  കുരുക്ഷേത്ര യുദ്ധത്തിൽ അഭിമന്യുവിനെ വരിഞ്ഞുമുറുക്കിയ പത്മവ്യൂഹത്തെ ഓർമിപ്പിക്കുന്നതായിരുന്നു ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഹാട്രിക് വിജയ തന്ത്രം. ലോക്സഭാ തിരഞ്ഞെടുപ്പ് സൃഷ്ടിച്ച അനുകൂല സാഹചര്യം മുതലെടുത്ത് സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തുമെന്ന പ്രതീതി കോൺഗ്രസ് സൃഷ്ടിച്ചെങ്കിലും, നിർണായക ഘട്ടത്തിൽ കാര്യങ്ങൾ കൈവിട്ടുപോയി. ‘എല്ലാം ഹൂഡ’ എന്ന കോൺഗ്രസ് തന്ത്രവും പാളിയതോടെ ഹിന്ദി ഹൃദയഭൂമിയിൽ താമര വാടാതെ ബിജെപി കാത്തു. എന്താണു ഹരിയാനയിൽ കോൺഗ്രസിന് തിരിച്ചടിയായത്?

‘എന്തിനും ഏതിനും ഹൂഡ’

ഭൂപീന്ദർ സിങ് ഹൂഡയെന്ന ജാട്ട് നേതാവിനെ മുൻ നിർത്തി കോൺഗ്രസ് ഒരുക്കിയ തന്ത്രം തന്നെയാണ് ആദ്യം പാളിയത്. എല്ലാത്തിനും ഹൂഡ എന്നായിരുന്നു ഹരിയാനയിൽ കോൺഗ്രസ് മുന്നോട്ട് വച്ച നയം. സർവവും ഭൂപീന്ദർ ഹൂഡയുെടയും മകന്റെയും നിയന്ത്രണത്തിലായതും കോൺഗ്രസിനുള്ളിൽ എതിർപ്പുകൾക്കിടയാക്കി. ദലിത് നേതാവായ കുമാരി സെൽജയും ഭൂപീന്ദർ സിങ് ഹൂഡയും തമ്മിലുണ്ടായിരുന്ന പോരും കോൺഗ്രസ് ക്യാംപിൽ വലിയ ചർച്ചയായി. ജയിച്ചാൽ ആരാകും മുഖ്യമന്ത്രി സ്ഥാനാർഥി എന്ന തർക്കം ഒരു ഘട്ടത്തിൽ കോൺഗ്രസിന്റെ പ്രചാരണത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് തിരഞ്ഞെടുപ്പു ഫലം എക്സിറ്റ് പോൾ പ്രവചനങ്ങളെ തകിടം മറിച്ചത്.

ജാട്ട് മതി, പക്ഷേ ജാട്ടിതരം?

ജാട്ട്, ന്യൂനപക്ഷ വോട്ടുകൾ പെട്ടിയിലാക്കിയാൽ വിജയം നുണയാമെന്ന കോൺഗ്രസിന്റെ മനക്കോട്ടയെ ബിജെപി അതിസമർഥമായി മറികടന്നു. സംസ്ഥാനത്തെ 28 ശതമാനം വരുന്ന ജാട്ട് വോട്ടുകളിൽ അമിതമായി ശ്രദ്ധ കേന്ദ്രീകരിച്ച കോൺഗ്രസ്, പക്ഷേ ജാട്ടുകളെ എതിർത്തിരുന്ന ഒബിസി വോട്ടുകളെ അപ്പാടെ അവഗണിച്ചു. 90 സീറ്റുകളിൽ 20 ഇടത്തെങ്കിലും ദലിത് സ്ഥാനാർഥികൾ വേണമെന്ന കുമാരി സെൽജയുടെ ആവശ്യവും ഹൂഡ ക്യാംപ് തള്ളി. ഇതോടെ ദലിത് വോട്ടുകൾ കാര്യമായി സമാഹരിക്കാമെന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ പദ്ധതി പാളി.

ആത്മവിശ്വാസം അമിതമായാൽ

തെക്കൻ ഹരിയാനയിലെയും യുപിയോടു ചേർന്ന് കിടക്കുന്ന മേഖലകളിലെയും ജാട്ട് മണ്ഡലങ്ങളാണ് കോൺഗ്രസിന്റെ പ്രതീക്ഷ തകർത്തത്. ഇവിടങ്ങളിലെല്ലാം ബിജെപിയുടെ വലിയ തേരോട്ടമാണ് കണ്ടത്. വടക്കൻ ഹരിയാനയിലെ ന്യൂനപക്ഷ കേന്ദ്രങ്ങളിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ച വച്ചതൊഴിച്ചാൽ ‍ഡൽഹിയോടു ചേർന്ന് കിടക്കുന്ന മേഖലകൾ പോലും കോൺഗ്രസിനെ കൈവിട്ടു. ഡൽഹി അതിർത്തിയിലെ നഗര മേഖലകളില്‍ ബിജെപി കടന്നുകയറിയതോടെ കോൺഗ്രസ് തളർന്നു. ഒരുപക്ഷേ എഎപിയെ കൂടെകൂട്ടിയിരുന്നെങ്കിൽ ഗുരുഗ്രാമും ഫരീദാബാദും ഉൾപ്പെടുന്ന അർബൻ ഹരിയാനയിലെ ചുരുക്കം സീറ്റിലെങ്കിലും കോൺഗ്രസിനു മുന്നിലെത്താമായിരുന്നു. ഇതു മുന്നിൽ കണ്ടാണ് രാഹുൽ ഗാന്ധി, എഎപിയെ സഖ്യത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. എന്നാൽ ഭൂപീന്ദർ ഹൂഡയുടെ പിടിവാശിക്കു മുൻപിൽ അതും കോൺഗ്രസിന് ഉപേക്ഷിക്കേണ്ടി വന്നു.

‘ദ് കാസ്റ്റ് മാട്രിക്സ്’

ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം അതിന്റെ ആലസ്യത്തിലായിരുന്നു കോൺഗ്രസ് നേതൃത്വം, ഹരിയാനയിലെ ജാതിസമവാക്യങ്ങൾ മനസിലാക്കാതെ പോയതായിരുന്നു മറ്റൊരു തിരിച്ചടി. മനോഹർ ലാൽ ഖട്ടറിന്റെ 9 വർഷത്തെ ഭരണത്തിനിടയ്ക്ക് നഷ്ടപ്പെട്ട ഒബിസി വോട്ടുകൾ, പക്ഷേ നായിബ് സിങ് സെയ്നി എന്ന ഒബിസി മുഖ്യമന്ത്രിയിലൂടെ കൃത്യമായി ബിജെപി പെട്ടിയിലാക്കി. സംസ്ഥാനത്ത് ജാട്ട് വിഭാഗത്തിനെതിരെ നിലനിന്നിരുന്ന ഒബിസി വിഭാഗത്തിന്റെ എതിർപ്പ് കൃത്യമായി ബിജെപി വിനിയോഗിച്ചു. ഒബിസി വോട്ടുകൾക്കൊപ്പം, യുപി അതിർത്തികളിലെ ജാട്ട് വോട്ടുകൾ കൂടി ബിജെപി സമാഹരിച്ചതും കോൺഗ്രസിന് തിരിച്ചടിയായി. അതേസമയം പഞ്ചാബ് അതിർത്തിയോടു ചേർന്ന കർഷക മേഖലയിലും ന്യൂനപക്ഷ മണ്ഡലങ്ങളിലും കോൺഗ്രസിന്റെ ആധിപത്യം വ്യക്തമായിരുന്നു. പക്ഷേ മറ്റിടങ്ങളിൽ കോൺഗ്രസ് തകർന്നടിഞ്ഞു. ഇതോടെ തിരിച്ചുവരാനാകാത്ത വിധം ഹരിയാന കോൺഗ്രസിന്റെ ‘കയ്യൊടിയുക’യായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *