സംസ്ഥാനത്ത് ആകെ 194 സ്ഥാനാർത്ഥികൾ, ഇന്ന് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി

0

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. 20 മണ്ഡലങ്ങളിലായി സംസ്ഥാനത്ത് ആകെ 194 സ്ഥാനാർത്ഥികളാണ് മത്സരിക്കാനുള്ളത്. നാമ നിര്‍ദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന്.ഇതുവരെ 10 പേരാണ് പത്രിക പിൻവലിച്ചത്. ഏറ്റവും അധികം സ്ഥാനാർത്ഥികൾ ഉള്ളത് കോട്ടയം മണ്ഡലത്തിലാണ്, 14 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ ആലത്തൂരിലാണ്. 5 പേരാണ് ആലത്തൂരിൽ മത്സരത്തിനുള്ളത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ പ്രമുഖ സ്ഥാനാര്‍ത്ഥികൾക്കെല്ലാം അപരൻമാര്‍ മത്സര രംഗത്തുണ്ട്.

പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് വടകരയിലെ കോണ്‍ഗ്രസ് വിമതന്‍ അബ്ദുള്‍ റഹീം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. നരിപ്പറ്റ മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹിയായിരുന്ന അബ്ദുള്‍ റഹീമാണ് പത്രിക പിന്‍വലിച്ചത്. ഇടുക്കി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശം നൽകിയിരുന്ന മനേഷ് കഴിഞ്ഞ ദിവസം പത്രിക പിൻവലിച്ചിരുന്നു. മാവേലിക്കരയിൽ ഒരാൾ മാത്രമാണ് പത്രിക പിൻവലിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ രണ്ട് അപരന്മാരും പത്രിക പിൻവലിച്ചിട്ടില്ല. തൃശ്ശൂരിലും ഒരാള്‍ മാത്രമാണ് പത്രിക പിന്‍വലിച്ചത്. സ്വാതന്ത്രനായി പത്രിക നല്‍കിയ കെ.ബി സജീവാണ് തൃശ്ശൂരില്‍ പത്രിക പിൻവലിച്ചത്.

പതിവ് പോലെ അപര ശല്യവും വിമത സാന്നിധ്യവും എല്ലാം ഇത്തവണത്തെ തിരഞ്ഞെടുപ്പിലുമുണ്ട്. സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയായപ്പോള്‍ വടകരയില്‍ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്ക് മൂന്ന് അപര സ്ഥാനാര്‍ത്ഥികളാനുള്ളത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനുമുണ്ട് അപരന്മാർ. കോഴിക്കോട് മണ്ഡലത്തില്‍ എം കെ രാഘവനും എളമരം കരീമിനും മൂന്ന് വീതം അപര സ്ഥാനാര്‍ത്ഥികളാണുള്ളത്. കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം, മാവേലിക്കര എന്നീ മണ്ഡലങ്ങളിൽ സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീ സാന്നിധ്യം ഇല്ല എന്നുള്ളതാണ് പ്രത്യേകത.ഏറ്റവും അധികം വനിതാ സ്ഥാനാര്‍ത്ഥികൾ ഉള്ളതാകട്ടെ വടകര മണ്ഡലത്തിലാണ്. നാല് പേരാണ് വടകരയിൽ മത്സരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *