ടാറ്റൂ ആർട്ടിസ്റ്റിന്റെ ഭീഷണിസന്ദേശം; പണംതട്ടാനെന്ന് മൊഴി ; ‘സൽമാനെ കൊല്ലാൻ പദ്ധതിയിടുന്നയാളെ അറിയാം’
മുംബൈ: നടന്‍ സല്‍മാന്‍ ഖാനുനേരെ വധഭീഷണി സന്ദേശമയച്ച കേസില്‍ 20-കാരൻ പിടിയിൽ. നോയ്ഡ സ്വദേശിയായ ഗുഫ്രാന്‍ ഖാൻ എന്നയാളാണ് മുംബൈ പോലീസിന്‍റെ പിടിയിലായത്. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കൊല്ലപ്പെട്ട എന്‍സിപി നേതാവും മഹാരാഷ്ട്രാ മുന്‍ മന്ത്രിയുമായ ബാബാ സിദ്ദിഖിയുടെ മകനും എം.എല്‍.എയുമായ സീഷാന്‍ സിദ്ദിഖിക്ക് നേരെയും വധഭീഷണി സന്ദേശമുണ്ടായിരുന്നു. ഇരുവരെയും ഭയപ്പെടുത്തി പണം തട്ടാനായിരുന്നു ശ്രമമെന്നാണ് നിഗമനം.
സീഷാന്‍ സിദ്ദിഖിയുടെ ബാന്ദ്ര ഓഫീസില്‍ വെള്ളിയാഴ്ച വൈകുന്നേരം വധഭീഷണി സന്ദേശമെത്തിയതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എം.എല്‍.എയുടെ ഓഫീസിലെത്തിയ ഭീഷണി സന്ദേശത്തില്‍ സല്‍മാന്‍ ഖാനെയും സീഷാന്‍ സിദ്ദിഖിയെയും കൊല്ലാനുള്ള ശ്രമങ്ങള്‍ നടക്കുന്നും ആരാണ് കൊല്ലാൻ ശ്രമം നടത്തുന്നതെന്ന് തനിക്കറിയാമെന്നുമാണ് വ്യക്തമാക്കിയിരുന്നത്.
മുംബൈ പോലീസ് നമ്പര്‍ പിന്തുടര്‍ന്നാണ് നോയിഡയിനിന്ന് ടാറ്റൂ ആര്‍ട്ടിസ്റ്റായ ഗുഫ്രാനെ പിടികൂടിയത്. മറ്റൊരു ഭീഷണി സന്ദേശമയച്ച് അതുവഴി പണം തട്ടാനുള്ള ശ്രമം നടത്താനിരിക്കെയാണ് ഗുഫ്രാന്‍ ഖാന്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. സല്‍മാന്‍ ഖാനോ സീഷാന്‍ സിദ്ദിഖിയോ തന്നെ സമീപിച്ച് പണം നല്‍കുമെന്നാണ് കരുതിയിരുന്നതെന്ന് ഗുഫ്രാന്‍ ഖാന്‍ പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ സല്‍മാന്‍ ഖാന് ധാരാളം വധഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. സമാനമായ ഭീഷണി സന്ദേശത്തില്‍ 24-കാരനായ പച്ചക്കറി വില്‍പ്പനക്കാരനെ പോലീസ് ജംഷജ്പുരില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു അന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നത്