വരുമാനം കുറഞ്ഞ ഷെഡ്യൂളുകൾ റദ്ദാക്കും: കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ചില ട്രിപ്പുകള്‍ റദ്ദാക്കാന്‍ തയ്യാറെടുത്ത് കെഎസ്ആര്‍ടിസി. പുതിയ നയത്തിന്റെ ഭാഗമായി കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനം നേടാനാകാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും റദ്ദാക്കാന്‍ ആണ് തീരുമാനം.വരുമാനം വര്‍ധിപ്പിക്കുക, അനാവശ്യച്ചെലവ് കുറയ്‌ക്കുക എന്നിവയാണ് ലക്ഷ്യം. ട്രിപ്പുകളുടെയും ഷെഡ്യൂളുകളുടെയും വരുമാനം പ്രത്യേകമായി രേഖപ്പെടുത്താനും യൂണിറ്റ് മേധാവികളോട് നിര്‍ദേശിച്ചിട്ടുണ്ട്.
വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ യൂണിറ്റ് മേധാവികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. നടത്തിക്കൊണ്ടുപോകാനുള്ള ചെലവ് ലഭിക്കാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും പുനഃക്രമീകരിച്ച് സര്‍വീസ് നടത്തണമെന്നും എന്നിട്ടും നിശ്ചിത വരുമാനം ലഭിച്ചില്ലെങ്കില്‍ അത് റദ്ദാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
കിലോമീറ്ററിന് എഴുപതു രൂപയില്‍ കൂടുതല്‍ വരുമാനം നേടുന്ന അഡീഷണല്‍ സര്‍വീസുകളോ ട്രിപ്പുകളോ നടത്തുന്നതിന് യൂണിറ്റ് മേധാവികള്‍ക്ക് അനുമതിയുണ്ടാകും. തീരെ വരുമാനം കുറഞ്ഞ ട്രിപ്പുകള്‍ നടത്തിയാല്‍ അതിന് ഉത്തരവാദിയായവര്‍ കാരണം ബോധിപ്പിക്കേണ്ടിവരും.
യൂണിറ്റുകളിലെ അംഗീകൃത തൊഴിലാളി യൂണിയന്‍ പ്രതിനിധികളുടെയും വിവിധ വിഭാഗം മേധാവികളുടെയും യോഗം ചേര്‍ന്ന് അവരുടെ നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് തയ്യാറാക്കി ചീഫ് ഓഫീസിലേക്ക് അയയ്‌ക്കണമെന്നും നിർദേശമുണ്ട്. കണ്ടക്ടര്‍, ഡ്രൈവര്‍ വിഭാഗം ജീവനക്കാരുടെയും ബസിന്റെയും കുറവുണ്ടെങ്കില്‍ അതും അറിയിക്കണം