തെരുവുകളിൽ നിസ്ക്കാരം പാടില്ല; നിർദേശം ലംഘിച്ചാൽ പാസ്പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കും

ലക്‌നൗ: ഈദ്-ഉൽ-ഫിത്തറുമായി ബന്ധപ്പെട്ട് തെരുവുകളിൽ നടത്തുന്ന പ്രാർത്ഥനകൾ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി ഉത്തർപ്രദേശിലെ മീററ്റ് പൊലീസ്. തെരുവുകളിൽ പ്രാർത്ഥന നടത്തുന്നതായി കണ്ടെത്തിയാൽ അവരുടെ പാസ്പോർട്ടുകളും ഡ്രൈവിങ് ലൈസൻസുകളും റദ്ദാക്കുന്നതിന് പുറമെ ക്രമിനല്‍ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കേണ്ടി വരുമെന്നും നിയമനടപടി നേരിടേണ്ടിവരുമെന്നും പൊലീസ് വ്യക്തമാക്കി.
“അടുത്തുള്ള പള്ളിയിൽ നമസ്‌കരിക്കുകയോ കൃത്യസമയത്ത് ഈദ്ഗകളിൽ എത്തുകയോ ചെയ്യണമെന്ന് ഞങ്ങൾ ആളുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്,” മീററ്റ് സിറ്റി പൊലീസ് സൂപ്രണ്ട് ആയുഷ് വിക്രം സിംഗ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. . “ഒരു സാഹചര്യത്തിലും റോഡുകളിൽ പ്രാർത്ഥനകൾ അനുവദിക്കില്ലെന്ന് ഞങ്ങൾ കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്.”
ഈദ് നമസ്‌കാരങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്ന തുറസായ സ്ഥലങ്ങളാണ് ഈദ്ഗാഹുകള്‍.കഴിഞ്ഞ വർഷം പെരുന്നാൾ സമയത്ത് തെരുവുകളിൽ പ്രാർത്ഥന നിരോധിച്ചുകൊണ്ട് പുറപ്പെടുവിച്ച സമാനമായ ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ച് എട്ട് പേരുടെ പട്ടിക പൊലീസ് ജില്ലാ മജിസ്ട്രേറ്റിന് സമർപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവരുടെ ഡ്രൈവിംഗ് ലൈസൻസുകളും പാസ്‌പോർട്ടുകളും റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, നിര്‍ദേശം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ ഡ്രോണുകള്‍, സിസിടിവി ക്യാമറകള്‍ എന്നിവയിലൂടെയാകും പൊലീസ് പ്രദേശത്ത് നിരീക്ഷണം നടത്തുക. സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ഇവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും മീററ്റ് പൊലീസ് കൂട്ടിച്ചേർത്തു.