“ലോകത്തിലെ ഒരു ശക്തിയ്‌ക്കും ഇന്ത്യയുടെ വളര്‍ച്ച തടയാനാവില്ല”;രാജ്‌നാഥ് സിങ്.

ഭോപ്പാല്‍: ഇന്ത്യയെ തടയാന്‍ ലോകത്തിലെ ഒരു ശക്തിയ്‌ക്കും കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. താരിഫ് ഭീഷണി മുഴക്കുന്ന യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് രാജ്‌നാഥ് സിങ്ങിന്‍റെ പ്രതികരണം. മധ്യപ്രദേശില്‍ പുതിയ റെയിൽ കോച്ച് ഫാക്‌ടറി പദ്ധതിയായ ‘ബ്രഹ്മ’യുടെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.
ഇന്ത്യ അതിവേഗം വളരുകയാണെന്നും എന്നാല്‍ ഇതു ചിലര്‍ക്ക് ഇഷ്‌ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യ വികസിക്കുന്ന വേഗതയിൽ സന്തുഷ്‌ടരല്ലാത്ത ചിലരുണ്ട്. അവർക്ക് ഈ വളര്‍ച്ച ഇഷ്‌ടപ്പെടുന്നേയില്ല. പ്രത്യേകിച്ച് ഞാനാണ് സര്‍വാധികാരി എന്ന് കരുതുന്നവര്‍ക്ക്, ഇന്ത്യ എങ്ങനെയാണ് ഇത്ര വേഗത്തിൽ വളരുന്നത്?.
ഇന്ത്യക്കാരുടെ കൈകളാൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ഉത്‌പന്നങ്ങള്‍ തങ്ങളുടെ രാജ്യങ്ങളിൽ നിർമ്മിക്കുന്ന ഉത്‌പന്നങ്ങളേക്കാള്‍ വിലയേറിയതായിരിക്കാൻ പലരും ശ്രമിക്കുന്നു. അങ്ങനെ ഇന്ത്യന്‍ ഉത്‌പന്നങ്ങള്‍ വിലയേറിയതായിത്തീരുമ്പോൾ ലോകം അവ വാങ്ങില്ല. ഈ ശ്രമം നടക്കുന്നു.
എന്നാൽ ഇന്ത്യ വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്, ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യയെ ലോകത്തിലെ ഒരു വലിയ ശക്തിയായി മാറുന്നതില്‍ നിന്നും തടയാൻ കഴിയില്ലെന്ന് ഞാൻ പൂർണ ആത്മവിശ്വാസത്തോടെ പറയുന്നു…” രാജ്‌നാഥ് സിങ് പറഞ്ഞു.പ്രതിരോധ ഉത്‌പന്നങ്ങളുടെ കയറ്റുമതി ഏറെ വര്‍ധിച്ചതായിയും അദ്ദേഹം പറഞ്ഞു. “പ്രതിരോധ മേഖലയെ സംബന്ധിച്ചിടത്തോളം, ഇരുപത്തിനാലായിരം കോടി രൂപയിലധികം വിലവരുന്ന പ്രതിരോധ ഉത്‌പന്നങ്ങള്‍ നമ്മള്‍ ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഇക്കാര്യം അറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. ഇതാണ് ഇന്ത്യയുടെ ശക്തി, ഇതാണ് പുതിയ ഇന്ത്യയുടെ പുതിയ പ്രതിരോധ മേഖല, കയറ്റുമതി തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയാണ്” – പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.അതേസമയം2024-25 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്‍റെ വാർഷിക പ്രതിരോധ ഉത്പാദനം എക്കാലത്തെയും ഉയർന്ന നിരക്കായ 1,50,590 കോടി രൂപയായി ഉയർന്നതായി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മുൻ സാമ്പത്തിക വർഷത്തെ 1.27 ലക്ഷം കോടി രൂപയേക്കാൾ 18 ശതമാനം വളർച്ചയാണ് ഇതു കാണിക്കുന്നത്. കൂടാതെ 2019-20 സാമ്പത്തിക വർഷത്തിൽ ഇത് 79,071 കോടി രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സാമ്പത്തിക വര്‍ഷം 90 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.