പരിധി വിട്ട തെരഞ്ഞെടുപ്പ് പ്രചാരണം വേണ്ട; രാഷ്‌ട്രീയ പാർട്ടികൾക്ക് നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

0

ന്യൂ ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിനു പിന്നാലെ രാഷ്‌ട്രീയ പാർട്ടികൾക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പ്രചാരണം പരിധി വിടരുതെന്നും തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ കമ്മീഷൻ പുറത്തിറക്കും എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന പക്ഷം കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഉത്തരവാദിത്വം ഓരോ രാഷ്‌ട്രീയ പാർട്ടികളുടെയും താര പ്രചാരകർക്കായിരിക്കുമെന്നും പ്രചാരണവേളയിൽ സ്ഥാനാർത്ഥികളെ വ്യക്തിപരമായി ആക്രമിക്കരുതെന്നും ജാതി മതപരമായ ആക്ഷേപങ്ങളും വിമർശനങ്ങളും പാടില്ലെന്നും വിദ്വേഷ പ്രസംഗങ്ങൾ നടത്തരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്‌ട്രീയ പാർട്ടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയിട്ടുള്ളത് ഇതുവരെ നടന്നിട്ടുള്ള മാതൃക പെരുമാറ്റചട്ട ലംഘനങ്ങളുടെ ഡാറ്റ ശേഖരിച്ച ശേഷമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് നോട്ടീസ് നൽകുന്നതല്ലാതെ നടപടി സ്വീകരിക്കുന്നില്ലെന്ന തരത്തിൽ ജനങ്ങൾക്കിടയിൽ നിന്നും ആക്ഷേപം ഉയരുന്നുണ്ടെന്നും അതിനാൽ ഒരു പാർട്ടിയെയും ഇനി പരിധി വിടാൻ അനുവദിക്കില്ല എന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് കർശന നടപടികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *