2011ലും 2012ലും ആരും വാങ്ങിയില്ല; 42-ാം വയസിൽ ഐപിഎൽ അരങ്ങേറ്റത്തിന് ആൻഡേഴ്സൻ, 2 കോടി അടിസ്ഥാന വിലയിട്ട് ഉമേഷ്, ഭുവി, പടിക്കൽ

0

 

ന്യൂഡൽഹി∙ അടുത്ത വർഷത്തെ ഐപിഎലിനുള്ള താരലേലം 24,25 തീയതികളിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കാനിരിക്കെ, ലേലത്തിന് റജിസ്റ്റർ ചെയ്തവരിൽ ചില അപ്രതീക്ഷിത താരങ്ങളും. രാജ്യാന്തര ക്രിക്കറ്റിൽ ഇതിഹാസമായി എണ്ണപ്പെടുമ്പോഴും ഇതുവരെ ഐപിഎലിൽ കളിച്ചിട്ടില്ലാത്ത ഇംഗ്ലിഷ് താരം ജയിംസ് ആൻഡേഴ്സനാണ് താരലേലത്തിന് റജിസ്റ്റർ ചെയ്ത 1574 താരങ്ങളിലെ ഒരു അപ്രതീക്ഷിത എൻട്രി. 2011, 2012 സീസണുകളിലെ താരലേലത്തിന് സൂപ്പർതാരം റജിസ്റ്റർ ചെയ്തിരുന്നെങ്കിലും അന്ന ആരും വാങ്ങിയിരുന്നില്ല.

ഇതിനു പിന്നാലെയാണ് 42–ാം വയസിൽ ഐപിഎൽ അരങ്ങേറ്റത്തിനുള്ള ആൻഡേഴ്സന്റെ ശ്രമം. 2014ലാണ് ആൻഡേഴ്സൻ ഏറ്റവും ഒടുവിൽ ട്വന്റി20 മത്സരം കളിച്ചതെന്നതും ശ്രദ്ധേയം. 1165 ഇന്ത്യൻ താരങ്ങളും 409 വിദേശ താരങ്ങളും അടക്കം ആകെ 1574 പേരാണ് ഇത്തവണ ലേലത്തിന് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 204 ഒഴിവുകളാണ് ആകെയുള്ളത്. ഏറ്റവും കൂടുതൽ വിദേശതാരങ്ങൾ ഉള്ളത് ദക്ഷിണാഫ്രിക്കയിൽ നിന്നാണ് –91. ഓസ്ട്രേലിയ – 76, ഇംഗ്ലണ്ട് – 52, ന്യൂസീലൻഡ് – 39, വെസ്റ്റിൻഡീസ് – 33, ശ്രീലങ്ക – 29, അഫ്ഗാനിസ്ഥാൻ – 29, ബംഗ്ലദേശ് – 13, നെതർലൻഡ്സ് – 12 എന്നിവരാണ് പിന്നാലെയുള്ളത്.

ഇറ്റലി, യുഎഇ എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ബെൻ സ്റ്റോക്സാണ് ഇത്തവണ ഐപിഎൽ താരലേലത്തിൽ അസാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന താരം. കായികക്ഷമതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ജോലിഭാരം ക്രമീകരിക്കുന്നതിനുമായാണ് സൂപ്പർതാരം ഇത്തവണ വിട്ടുനിൽക്കുന്നത്. താരലേലത്തിൽ സ്ഥിരമായി കോടികൾ നേടുന്ന താരമാണ് സ്റ്റോക്സ്. കഴിഞ്ഞ സീസണിൽ വൻതുകയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി.

മിച്ചൽ സ്റ്റാർക്കും ഇത്തവണ താരലേലത്തിനുണ്ട്.  കൊൽക്കത്ത 24.50 കോടി രൂപയ്ക്ക് സ്വന്തമാക്കിയ സ്റ്റാർക്ക്, ഇത്തവണ 2 കോടി അടിസ്ഥാന വിലയിട്ടാണ് ലേലത്തിനെത്തുന്നത്. 2023 സീസൺ മുതൽ പരുക്കുമൂലം ഐപിഎലിൽ കളിക്കാത്ത ജോഫ്ര ആർച്ചറും 2 കോടി അടിസ്ഥാന വിലയ്ക്ക് ലേലത്തിനുണ്ട്. ഐപിഎലിലെ സൂപ്പർ താരങ്ങളെങ്കിലും കുറച്ചുകാലമായി അത്ര സജീവമല്ലാത്തവരും പരുക്കുമൂലം വിട്ടുനിൽക്കുന്ന ചിലരും ഇത്തവണ 2 കോടി രൂപ അടിസ്ഥാന വിലയിട്ട് ലേലത്തിന് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

മുൻ ഇന്ത്യൻ താരം ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ എന്നിവർ ദേശീയ ജഴ്സിയിൽ കളിച്ചിട്ട് നാളുകളായെങ്കിലും 2 കോടി രൂപയാണ് അടിസ്ഥാന വില. പരുക്കുമൂലം ഒരു വർഷത്തോളമായി സജീവ ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുന്ന മുഹമ്മദ് ഷമിയും 2 കോടി അടിസ്ഥാന വിലയുമായി ലേലത്തിനുണ്ട്. ഇന്ത്യൻ താരങ്ങളിൽ കഴിഞ്ഞ സീസണിൽ വിവിധ ടീമുകളെ നയിച്ച ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ ഇത്തവണ താരലേലത്തിനുണ്ട്. രണ്ടു കോടി രൂപ അടിസ്ഥാന വിലയാണ് ഇവർ നിശ്ചയിച്ചിരിക്കുന്നത്.

ഇവർക്കു പുറമേ ആർ. അശ്വിൻ, യുസ്‌വേന്ദ്ര ചെഹൽ, ഖലീൽ അഹമ്മദ്, ദീപക് ചാഹർ, വെങ്കടേഷ് അയ്യർ, ആവേശ് ഖാൻ, ഇഷാൻ കിഷൻ, മുകേഷ് കുമാർ, ഭുവനേശ്വർ കുമാർ, പ്രസിദ്ധ് കൃഷ്ണ, ടി.നടരാജൻ, ദേവ്ദത്ത് പടിക്കൽ, ക്രുനാൽ പാണ്ഡ്യ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്, വാഷിട്ങൻ സുന്ദർ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ് എന്നിവരാണ് 2 കോടി അടിസ്ഥാന വില സ്വീകരിച്ചിരിക്കുന്ന മറ്റു താരങ്ങൾ. ഇന്ത്യൻ യുവതാരങ്ങളായ പൃഥ്വി ഷാ, സർഫറാസ് ഖാൻ എന്നിവർ 75 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി സ്വീകരിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *