നവീൻബാബുവിന്റെ മരണത്തിൽ സിബിഐ അന്യേഷണം വേണ്ട : ഹൈക്കോടതി
എറണാകുളം: നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ട എന്ന് ഹൈക്കോടതി.. നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അൽപ്പസമയം മുമ്പ് പോലീസ് അന്വേഷണം തുടരാൻ കോടതി ഉത്തരവിട്ടത് . കണ്ണൂർ ഡിഐജി കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കണം .അന്വേഷണ പുരോഗതി കുടുംബത്തെ അറിയിക്കണം എന്നും കോടതി പറഞ്ഞു.ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബഞ്ചാണ് വിധി പറഞ്ഞത്.
പോസ്റ്റ്‌മോര്‍ട്ടം ശരിയായ രീതിയിലല്ല നടത്തിയതെന്നായിരുന്നു ഹൈക്കോടതിയില്‍ നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ വാദം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെയും ഇൻക്വസ്റ്റ് റിപ്പോർട്ടിലെയും വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കുടുംബം വാദങ്ങൾ നിരത്തിയിരുന്നത് .
അപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമേ സിബിഐ അന്വേഷണം ആവശ്യമുള്ളൂവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
വിവരാവകാശ അപേക്ഷകള്‍ക്ക് ഇതുവരെ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. പൊലീസ് അന്വേഷിച്ചാല്‍ രാഷ്ട്രീയ പക്ഷപാതപരമായ അന്വേഷണമാകും നടക്കുക.പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് ജില്ലാ കലക്‌ടറോട് ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം പരിഗണിച്ചില്ല. കഴുത്തില്‍ പാടുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അതില്ല.
അന്വേഷണം നടക്കുമ്പോള്‍ തന്നെ പുതിയ സ്ഥാനത്തേക്ക് പ്രതിയായ പിപി ദിവ്യയെ നിയമിച്ചു. ഇതിന്‍റെ അര്‍ഥം പ്രതിയെ സര്‍ക്കാര്‍ സംരക്ഷിക്കും എന്ന് തന്നെയാണെന്നും കുടുംബം ഹൈക്കോടതിയിൽ വാദമുന്നയിച്ചിരുന്നു.
വിധിയിൽ മഞ്ജുഷ അതൃപ്‌തി പ്രകടിപ്പിച്ചു. അപ്പീലുമായി മുന്നോട്ടുപോകുമെന്നും പിന്നോട്ട് പോകില്ല എന്നും മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു . പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ല, നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും കുടുംബം ആവർത്തിച്ചു.